മേലാറ്റൂർ-പുലാമന്തോൾ പാത, 137 കോടിയുടെ കരാർ പൂർത്തിയാക്കും
text_fieldsപെരിന്തൽമണ്ണ: നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയിൽ മേലാറ്റൂർ മുതൽ പുലാമന്തോൾ വരെയുള്ള ഭാഗത്തെ നവീകരണം കരാർ ഏറ്റെടുത്ത കമ്പനി ഉപകരാർ നൽകിയത് ഒഴിവാക്കി നേരിട്ട് ചെയ്യാൻ തീരുമാനം. ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് രണ്ടു വർഷം മുമ്പ് പദ്ധതിയുടെ കരാർ ഏറ്റെടുത്തത്. ഇവർ ചെന്നൈ ആസ്ഥാനമായ മറ്റൊരു കമ്പനിക്ക് ഉപകരാർ നൽകി. ഒന്നര വർഷം മുമ്പ് പ്രവൃത്തി ഉദ്ഘാടനവും നടന്നു. നിർമാണത്തിന് അനുവദിച്ച സമയപരിധി അവസാനിക്കാറായിട്ടും പ്രവൃത്തി കാൽഭാഗം പോലും പിന്നിടാത്ത അവസ്ഥയാണ്.
അതിനിടെ ജനപ്രതിനിധികളും നാട്ടുകാരും പ്രതിഷേധം ഉയർത്തിയതോടെ പ്രോജക്ട് ഡയറക്ടർ ഇടപെട്ടാണ് കരാർ ഏറ്റെടുത്ത കമ്പനിയോട് കാലാവധിക്കകം നിർമാണം പൂർത്തിയാക്കാൻ നിർദേശം നൽകിയതെന്ന് കെ.എസ്.ടി.പി വൃത്തങ്ങൾ അറിയിച്ചു. രണ്ടാഴ്ചക്കകം കമ്പനി നേരിട്ട് പ്രവൃത്തി നടത്തും.
രണ്ടുതവണ നിയമസഭയിൽ സബ് മിഷൻ, ഒരുതവണ പൊതുമരാമത്ത് മന്ത്രിയുടെ നേരിട്ടുള്ള സന്ദർശനവും അവലോകനവും, എം.എൽ.എ മുൻകൈയെടുത്ത് പലവട്ടം ഉദ്യോഗസ്ഥരെയും കരാർ കമ്പനി പ്രതിനിധികളെയും ഇരുത്തി പുരോഗതി വിലയിരുത്തൽ എന്നിവയെല്ലാം നടന്നിട്ടും പെരിന്തൽമണ്ണ ടൗണിലൂടെ കടന്നുപോവുന്ന റോഡിന്റെ നിർമാണം ചടങ്ങായി അവശേഷിച്ചു. 137 കോടി രൂപക്കാണ് 30 കിലോമീറ്റർ പ്രവൃത്തി ടെൻഡർ ചെയ്തത്. 12 കിലോമീറ്റർ ഭാഗത്തെ ഒന്നാംഘട്ട റബറൈസിങ് മാത്രമാണ് ഇതിനകം പൂർത്തിയായത്. അഴുക്കുചാൽ, പുതിയ കൾവർട്ട്, പാലം എന്നിവയുടെ നിർമാണങ്ങളും പാതിവഴിയിലാണ്. പലപ്പോഴും തൊഴിലാളികളെ കിട്ടാതെ തുടങ്ങിയ പ്രവൃത്തി ഇഴഞ്ഞു. കരാർ കാലാവധി 18 മാസം പൂർത്തിയാവാൻ ഇനി കുറഞ്ഞ മാസങ്ങളേയുള്ളൂ. 30 കിലോമീറ്റർ ഭാഗത്തെ മരം മുറിക്കൽ, വൈദ്യുതി തൂൺ മാറ്റിസ്ഥാപിക്കൽ, ട്രാൻസ്ഫോർമറുകൾ മാറ്റൽ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നടക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.