മാനന്തവാടി മെഡിക്കൽ കോളജ്; വേറെ സ്ഥലം ലഭ്യമാക്കാൻ നടപടി, ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ച് മന്ത്രി കെ. മുരളീധരൻ
text_fieldsവയനാട് സർക്കാർ മെഡിക്കൽ കോളജ് അവലോകനയോഗത്തിൽ ആരോഗ്യ മന്ത്രി കെ. മുരളീധരൻ സംസാരിക്കുന്നു
കൽപറ്റ: വയനാട് മെഡിക്കൽ കോളജിന് നിലവിൽ കണ്ടെത്തിയ സ്ഥലം സംരക്ഷിത വനഭൂമിയായതിനാൽ അനുയോജ്യമല്ലെന്ന് കണ്ടെത്തിയതായും മാനന്തവാടിയിൽ മറ്റൊരു സ്ഥലം ലഭ്യമാക്കാനുള്ള സാധ്യതകൾ തേടുകയാണെന്നും ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
ഇക്കാര്യത്തിൽ വേഗത്തിൽ തീരുമാനമെടുത്ത് അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കിയില്ലെങ്കിൽ അടുത്ത വർഷം കോളജിന് അംഗീകാരം നഷ്ടമാവുന്ന സ്ഥിതിയുണ്ടാവും. ഇത് തടയാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് എത്രയും വേഗം ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കലക്ടറേറ്റിലെ എ.പി.ജെ ഹാളിൽ നടന്ന കായകൽപം ജനസമ്പർക്ക പരിപാടിയുടെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ രംഗത്ത് ജില്ല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നിർദേശിക്കുന്ന ജനകീയ ഇടപെടലായി ജനസമ്പർക്ക പരിപാടി മാറി.
പ്രത്യേക ഹെൽത്ത് പാക്കേജ്
ജില്ലക്കായി ഡസനിലധികം പദ്ധതികൾ ഉൾപ്പെടുന്ന പ്രത്യേക ഹെൽത്ത് പാക്കേജ് മന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചു. വയനാടിന്റെ ആരോഗ്യമേഖലക്ക് പുതുജീവൻ നൽകുന്ന കർമ പദ്ധതികളാണിതെന്ന് മന്ത്രി പറഞ്ഞു. ജില്ലയിൽ സൂപ്പർ സ്പെഷാലിറ്റി ആശുപത്രി ഉടനുണ്ടാകും.
വൈത്തിരി ആശുപത്രിയെ ജില്ല മാതൃക ആശുപത്രിയാക്കി ഉയർത്തും. ഇവിടെ ക്രിട്ടിക്കൽ കെയർ വിഭാഗത്തിന് ഉടൻ തറക്കല്ലിടും. ജില്ലയിലെ സർക്കാർ മേഖലയിലുള്ള എം.ആർ.ഐ സ്കാനിങ് അപര്യാപ്തത പരിഹരിക്കാൻ ഒരു പ്രധാന ആശുപത്രിയിൽ ഉടൻ സജ്ജമാക്കും. ജില്ലയിലെ എല്ലാ ആശുപത്രികളിലും മതിയായ തസ്തിക സൃഷ്ടിച്ച് ജീവനക്കാരെ നിയോഗിക്കും.
മുടങ്ങിക്കിടക്കുന്ന ഫണ്ടുകൾ ലഭ്യമാക്കുന്നത് ഉൾപ്പെടെ ആവശ്യങ്ങളിൽ നടപടിയുണ്ടാകും. ജില്ല മെഡിക്കൽ ഓഫിസിന് (ആരോഗ്യം) സ്വന്തമായി കെട്ടിടമില്ലാത്ത സാഹചര്യത്തിൽ ഓഫിസ് കെട്ടിടം നിർമിക്കും. ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ല ആശുപത്രിയാക്കി ഉയർത്തും.
ഗവ. മെഡിക്കൽ കോളജിൽ എം.ആർ.ഐ സ്കാനിങ് സംവിധാനമൊരുക്കും -മന്ത്രി മുരളീധരൻ
മാനന്തവാടി: സർക്കാറിന്റെ നൂറുദിന കർമപദ്ധതിയിലുൾപ്പെടുത്തി വയനാട് ഗവ. മെഡിക്കൽ കോളജിൽ എം.ആർ.ഐ. സ്കാനിങ് മെഷീൻ സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ആശുപത്രി സന്ദർശിച്ച ശേഷം അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മെഡിക്കൽ കോളജിന്റെ പോരായ്മകൾ അധ്യക്ഷ പ്രസംഗത്തിൽ ഉഷാ വിജയൻ എം.എൽ.എ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട കാര്യങ്ങൾ മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥനിൽനിന്നു മന്ത്രി ചോദിച്ചറിഞ്ഞു. മെഡിക്കൽ കോളജിനു അക്കാദമിക് കെട്ടിടം നിർമിക്കുന്നത് സംബന്ധിച്ച ചർച്ചയാണ് പ്രധാനമായി നടന്നത്.
നിലവിലെ സാഹചര്യത്തിൽ ഒരുസ്ഥലവും ഇല്ലെന്നു മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ മന്ത്രിയെ അറിയിച്ചു. പുതിയ ബാച്ച് വരുമ്പോൾ അക്കാദമിക കാര്യങ്ങളിലും കുട്ടികളുടെ ഹോസ്റ്റലുമായി ബന്ധപ്പെട്ടുമുണ്ടാകുന്ന പ്രശ്നങ്ങളും ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. ഹോസ്റ്റൽ വാടകയും മെഡിക്കൽ കോളജിലേക്ക് എത്തിച്ചേരാൻ വാഹന സൗകര്യമില്ലാത്തതിന്റെ പ്രയാസവുമാണ് എം.ബി.ബി.എസ് വിദ്യാർഥികൾ മന്ത്രിയോട് പറഞ്ഞത്. നഴ്സിങ് കോളജ് അഭിമുഖീകരിക്കുന്ന പ്രശ്നം പ്രിൻസിപ്പൽ പ്രെഫ. കെ.കെ. റസിയ മന്ത്രിയെ അറിയിച്ചു.
മെഡിക്കൽ കോളജ് അക്കാദമിക് കെട്ടിടം നിർമിക്കുന്നതിനു അമ്പുകുത്തിയിലെ വനഭൂമി വിട്ടുകിട്ടുന്നതിലുള്ള തടസ്സങ്ങള്‍ അറിയിച്ച മന്ത്രി അനുമതിക്കായി പരിവേഷ് പോർട്ടലിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും സ്ഥലം പൂർണമായി ഒഴിവാക്കിയിട്ടില്ലെന്നും യോഗത്തിൽ പറഞ്ഞു. മെഡിക്കൽ കോളജിൽ അക്കാദമിക്, ഹോസ്റ്റൽ സൗകര്യങ്ങളൊരുക്കാൻ ചർച്ചയിൽ ഉരുത്തിരിഞ്ഞ വിവിധ സ്ഥലങ്ങൾ ജില്ലയിൽ താമസിച്ച് സന്ദർശിച്ചശേഷം തിങ്കളാഴ്ച ചേംബറിൽ കാണാൻ മന്ത്രി മെഡിക്കൽ എജുക്കേഷൻ ഡയറക്ടർക്ക് നിർദേശം നൽകി.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസ്, സബ് കലക്ടർ അതുൽ സാഗർ, മാനന്തവാടി നഗരസഭാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, ആരോഗ്യവകുപ്പ് ഡയറക്ടർ ഇൻചാർജ് ഡോ. വി. മീനാക്ഷി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. ബെന്നി, പ്രിയങ്കാഗാന്ധി എം.പിയുടെ പ്രതിനിധി മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. വി.ആർ. ഷീജ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

