മാരക ലഹരി വസ്തുക്കളുമായി യുവാവ് പിടിയില്‍
text_fieldsനൗഷാദലി
കൊണ്ടോട്ടി: വില്പനക്കെത്തിച്ച എം.ഡി.എം.എയും ബ്രൗണ്‍ ഷുഗറുമായി യുവാവ് കൊണ്ടോട്ടിയില്‍ പൊലീസ് സംഘത്തിന്റെ പിടിയിലായി. തേഞ്ഞിപ്പലം പെരുവള്ളൂര്‍ നടുക്കര സ്വദേശി നൗഷാദലിയാണ് (38) ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ഇയാളില്‍നിന്ന് നാല് ഗ്രാമോളം എം.ഡി.എം.എയും ബ്രൗണ്‍ഷുഗറും പിടിച്ചെടുത്തു.
കോയമ്പത്തൂരില്‍ നിന്നെത്തിച്ച മയക്കുമരുന്നുകള്‍ കാറില്‍ കറങ്ങി നടന്ന് വില്പന നടത്തുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് നാലിന് കൊണ്ടോട്ടി നെടിയിരുപ്പില്‍ വെച്ച് നൗഷാദലിയെ പൊലീസ് സംഘം വലയിലാക്കുകയായിരുന്നു. മയക്കുമരുന്ന് ശേഖരവുമായെത്തിയ കാറും കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂരില്‍ ബേക്കറി നടത്തുന്നതിന്റെ മറവില്‍ ശേഖരിക്കുന്ന മയക്കുമരുന്ന് ഇയാള്‍ കേരളത്തിലേക്ക് കടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അഞ്ച് മാസം മുമ്പ് കാറില്‍ കടത്തിയ കഞ്ചാവുമായി കോയമ്പത്തൂരില്‍ നൗഷാദലിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
രണ്ട് മാസം മുമ്പ് ജാമ്യത്തിലിറങ്ങിയാണ് വീണ്ടും മയക്കുമരുന്നുമായി കൊണ്ടോട്ടി മേഖലയിലെത്തിയത്. ജില്ല പൊലിസ് മേധാവി ആര്. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈ.എസ്.പി പി.കെ. സന്തോഷ്, ഡാന്‍സാഫ് എസ്.ഐ ബിബിന്‍ എന്നിയുടെ നേതൃത്വത്തില്‍ ഡാൻസാഫ് സംഘവും കൊണ്ടോട്ടി പൊലീസും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്.

