കാറ്റും മഴയും; കെ.എസ്.ഇ.ബിക്ക് വൻ നഷ്ടം
text_fieldsമലപ്പുറം: വേനൽമഴയിൽ ജില്ലയിൽ കെ.എസ്.ഇ.ബിക്ക് വൻ നഷ്ടം. നിലമ്പൂർ, തിരൂർ, മഞ്ചേരി സർക്കിളുകളിലടക്കം കാറ്റിലും മഴയിലും മരം വീണ് വൈദ്യുതി ലൈനുകൾ പൊട്ടി വീണും വൈദ്യുതിത്തൂണുകൾ തകർന്നും ട്രാൻസ്ഫോർമറുകൾക്ക് കേടുപാടുകൾ സംഭവിച്ചും നഷ്ടം റിപ്പോർട്ട് ചെയ്തു. നിലമ്പൂർ സർക്കിളിൽ വഴിക്കടവിലും പൂക്കോട്ടുംപാടത്തുമാണ് കൂടുതൽ നഷ്ടം റിപ്പോർട്ട് ചെയ്തത്. വഴിക്കടവിൽ മാത്രം 70 ശതമാനത്തിലധികമാണ് നഷ്ടം റിപ്പോർട്ട് ചെയ്തത്.
ലൈനുകൾ പൊട്ടി വീണും തൂണുകൾ തകർന്നും നാശമുണ്ടായി. നിലമ്പൂരിൽ ആകെ 104 വൈദ്യുതിത്തൂണുകൾ തകർന്നപ്പോൾ 62 എണ്ണവും വഴിക്കടവിലായിരുന്നു. വെള്ളിയാഴ്ച മാത്രം കാറ്റിൽ വഴിക്കടവിൽ 10 തൂണുകൾ തകർന്നു. രണ്ട് ട്രാൻസ്പോർമറുകളും മലയോര മേഖലയിൽ കാറ്റിലും മഴയിലും തകരാറിലായി. മഞ്ചേരി സർക്കിളിന് കീഴിൽ തൃക്കലങ്ങോട് ആമയൂരിൽ വ്യാപക നാശനഷ്ടമുണ്ടായി.
മഞ്ചേരി സൗത്തിലും കാറ്റിൽ മരം വീണ് വൈദ്യുതിത്തൂണുകൾ തകർന്നു. കനത്ത വേനലിൽ ഓവർ ലോഡ് കാരണം ട്രാൻസ്പോർമറുകൾ കത്തിപ്പോകുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ വലിയ നഷ്ടമായിരുന്നു കെ.എസ്.ഇ.ബിക്കുണ്ടായത്. ഇതിനിടെയാണ് വേനൽമഴയിലും കെ.എസ്.ഇ.ബിക്ക് ജില്ലയിൽ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രാഥമിക കണക്ക് പ്രകാരം 18 ലക്ഷത്തിന് മുകളിലാണ് നാശനഷ്ടം. അടുത്ത ദിവസങ്ങളിലും കാറ്റ് തുടരുകയാണെങ്കിൽ നാശനഷ്ട നിരക്ക് ഇനിയും ഉയർന്നേക്കും.
കെ.എസ്.ഇ.ബിയെ വലച്ച് ജീവനക്കാരുടെ കുറവ്
മലപ്പുറം: ജില്ലയിൽ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസുകളിൽ ഫീൽഡിൽ ജോലി ചെയ്യാൻ ആവശ്യമായ ജീവനക്കാരില്ലാത്തത് ഓഫിസുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ജീവനക്കാരുടെ കുറവ് കാരണം കാറ്റിലും മഴയിലും തകരാറുകൾ സംഭവിക്കുമ്പോൾ പരിഹരിക്കാൻ കെ.എസ്.ഇ.ബി അധികൃതർ പ്രയാസപ്പെടുകയാണ്. ഫീൽഡ് തലങ്ങളിലാണ് ജീവനക്കാരുടെ കുറവുള്ളത്. അധിക സെക്ഷനുകളിലും രണ്ട് മുതൽ നാല് വരെ ജീവനക്കാരുടെ കുറവുണ്ട്. ആളുകളുടെ കുറവ് പരിഹരിക്കുന്നതിന് ബോർഡിൽ കാലതാമസമെടുക്കുന്നുണ്ട്.
പലപ്പോഴും തകരാറുകൾ ഒന്നിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ ജീവനക്കാർ അധിക ജോലിയെടുത്താണ് പ്രശ്നം പരിഹരിക്കുന്നത്. ഓരോ സെക്ഷനുകളിലും ജോലി ക്രമീകരണം താളംതെറ്റുന്ന സ്ഥിതിയിലേക്കും വഴിവെക്കുന്നുണ്ട്. വിഷയം കെ.എസ്.ഇ.ബി ബോർഡിന് മുന്നിലുണ്ടെങ്കിലും തക്കതായ നടപടിയുണ്ടായിട്ടില്ല. ഇനി മഴക്കാലം വരാൻ പോവുകയാണ്. ഇതോടെ കെ.എസ്.ഇ.ബിയുടെ പണി ഇരട്ടിയാകും. ഇതിന് മുന്നോടിയായി വിഷയത്തിൽ പരിഗണനയുണ്ടാകുമോയെന്നാണ് സെക്ഷൻ ഓഫിസുകൾ ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

