വഴിതെറ്റിയെത്തി കാട്ടാനകൾ; നാടിനെ വിറപ്പിച്ച് എട്ട് മണിക്കൂർ
text_fieldsആനകൾ തുവ്വൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ റോഡ് മുറിച്ചു കടക്കുന്നു
തുവ്വൂർ: കൂട്ടംവിട്ടും വഴിതെറ്റിയുമെത്തിയ കാട്ടാനകൾ തുവ്വൂരിലെയും കരുവാരകുണ്ടിലെയും ജനങ്ങളെ ഭീതിയിൽ നിർത്തിയത് എട്ടുമണിക്കൂർ. പറയൻമേട് വനമേഖലയിൽനിന്നിറങ്ങിയ പിടിയാനയും കുട്ടിയുമാണ് ചൊവ്വാഴ്ച പുലർച്ച തുവ്വൂർ വെള്ളോട്ടുപാറ വരെയെത്തിയത്.
നൂറുകണക്കിനാളുകളുടെ ശ്രമഫലമായി ഉച്ചക്ക് ഒന്നോടെയാണ് ഇവ കാടുകയറിയത്. പറയൻമേടിൽനിന്ന് പനഞ്ചോല വഴി ഭവനംപറമ്പിൽ സംസ്ഥാന പാത മുറിച്ചുകടന്നാണ് ആനകളെത്തിയത്. മാമ്പുഴ പടുമുണ്ട, ഫാക്ടറി, അക്കരപ്പുറം, മാതോത്ത് വഴി റെയിൽപാതയും കടന്ന് തുവ്വൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനടുത്തെത്തിയ ആനകൾ പുള്ളിപ്പാടത്തെ റബർ തോട്ടത്തിൽ തമ്പടിച്ചു. പത്ത് കിലോമീറ്ററിലേറെ ദൈർഘ്യമുള്ള ഈ വഴിയത്രയും ജനം തിങ്ങിത്താമസിക്കുന്നതും കൃഷിയിടങ്ങൾ നിറഞ്ഞതുമാണ്. രാത്രിയായതിനാൽ ആരും വിവരമറിഞ്ഞില്ല.
പുള്ളിപ്പാടത്ത് ആനകളെ കണ്ടതോടെ വനംവകുപ്പിനെയും പൊലീസിനെയും നാട്ടുകാർ വിവരമറിയിച്ചു.അപ്പോഴേക്കും വൻതോതിൽ ആളുകൾ തടിച്ചുകൂടി. വനപാലകരും ആർ.ആർ.ടിയും പൊലീസും ട്രോമാകെയറും നാട്ടുകാരും ചേർന്ന് ഇവയെ കാടുകയറ്റാനായി പിന്നെ ശ്രമം. പക്ഷേ, നാലുപാടും ആളുകൾ നിറഞ്ഞതിനാൽ തിരികെ പോകാൻ വഴിയില്ലാതെ ആനകൾ പരക്കംപാഞ്ഞത് വെല്ലുവിളിയായി.
ഒടുവിൽ പൊലീസ് ജനക്കൂട്ടത്തെ നീക്കി. തുടർന്ന് തെക്കുംപുറം റോഡ് വഴി റെയിൽ പാത മുറിച്ചുകടത്തി ആനകളെ നായാടിപ്പാറയിലെത്തിച്ചു. ഇവിടെനിന്ന് കൃഷിഭൂമികളിലൂടെ ഒലിപ്പുഴയും കടന്ന് ഇരിങ്ങാട്ടിരി അങ്ങാടിക്ക് സമീപം സംസ്ഥാന പാതയും മുറിച്ചുകടത്തിയാണ് പറയൻമാട് മലവാരത്തിലേക്ക് ആനകളെ തിരികെ കയറ്റിയത്. പടക്കം പൊട്ടിച്ചാണ് ഇവയെ പിന്തിരിപ്പിച്ചത്.
സഞ്ചാരവഴി വീടുകൾ നിറഞ്ഞതായതും കുട്ടിയുള്ളതിനാൽ ആനകൾ ഇടയ്ക്കിടെ അക്രമണസ്വഭാവം കാട്ടിയതും ആശങ്കയുണ്ടാക്കി. എന്നാൽ, കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കാതെ ഉച്ചക്ക് ഒന്നോടെ ഇവ പിൻവാങ്ങി.
ഒരു വർഷം മുമ്പ് ഇരിങ്ങാട്ടിരിയിൽ റോഡ് മുറിച്ചുകടന്ന ആനകൾ കൃഷിയിടത്തിൽ കുടുങ്ങിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഒറ്റയാൻ വഴിതെറ്റി തുവ്വൂർ മാതോത്ത് വരെ എത്തിയിരുന്നതായും നാട്ടുകാർ ഓർക്കുന്നു. കാളികാവ് റേഞ്ച് ഓഫിസർ പി. വിനു, കരുവാരകുണ്ട് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.കെ. നാസർ എന്നിവരുടെ നേതൃത്വത്തിൽ നിലമ്പൂർ സൗത്ത്, നോർത്ത് ആർ.ആർ.ടി, ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷൻ, പാണ്ടിക്കാട്, മേലാറ്റൂർ പൊലീസ് എന്നിവരാണ് സ്ഥലത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

