അമരമ്പലത്ത് കർഷകത്തൊഴിലാളിക്ക് നേരെ കാട്ടാനയാക്രമണം
text_fieldsപ്രതീകാത്മക ചിത്രം
പൂക്കോട്ടുംപാടം: ടി.കെ. കോളനിയിൽ കാട്ടാന ആക്രമണത്തിൽ കർഷകത്തൊഴിലാളിക്ക് പരിക്ക്. മുണ്ടേരി അപ്പൻക്കാപ്പ് സ്വദേശിയും ടി.കെ. കോളനിയിൽ താമസക്കാരനുമായ വെള്ളുത്തേടത്ത് ദാസനാണ് (54) പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം.
കോഴിപ്രമലവാരത്തിലെ സ്വകാര്യ കൃഷിയിടത്തിലെ ജോലി കഴിഞ്ഞ് സഹോദരനും മറ്റ് തൊഴിലാളികൾക്കുമൊപ്പം മടങ്ങുകയായിരുന്നു ദാസൻ.
പൂന്തോട്ടംകടവ് പുഴയിലിറങ്ങി മുഖം കഴുകുന്നതിനിടെ, സമീപത്തെ കാട്ടിൽ നിന്നിരുന്ന കാട്ടാന ദാസനെ പിന്നിലൂടെ തുമ്പിക്കൈ കൊണ്ട് ചുറ്റിപ്പിടിച്ച് ദൂരേക്ക് എറിയുകയായിരുന്നു. കൂടെയുള്ളവർ ആനയെ ബഹളം വെച്ച് പിന്തിരിപ്പിക്കുകയായിരുന്നു. ദാസനെ പിന്നീട് നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദാസന്റെ പരിക്ക് ഗുരുതരമല്ലെങ്കിലും ആന്തരിക പരിക്കുകളുണ്ടോ എന്നതടക്കമുള്ള കൂടുതൽ പരിശോധനകൾക്കായി അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ജനവാസ മേഖലക്ക് സമീപം കാട്ടാനയുടെ സാന്നിധ്യമുണ്ടായതിൽ പ്രദേശവാസികൾ ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

