വാട്സ്ആപ് ലക്കി ഡ്രോ തട്ടിപ്പ്: മുന്നറിയിപ്പുമായി പൊലീസ്
text_fieldsമലപ്പുറം: വാട്സ്ആപ് ലക്കി ഡ്രോ എന്ന പേരിൽ തട്ടിപ്പ് വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി പൊലീസ് രംഗത്ത്. സമ്മാനങ്ങൾ ലഭിച്ചതായും മറ്റുമുള്ള സന്ദേശങ്ങൾ വാട്സ്ആപ് നമ്പറിലേക്ക് അയച്ചാണ് വിവിധതരം തട്ടിപ്പുകളെന്ന് പൊലീസ് സൈബർ സെൽ അറിയിച്ചു. ഇ-മെയിൽ ഐ.ഡി ലക്കി ഡ്രോയിൽ തെരഞ്ഞെടുത്തെന്ന് പറഞ്ഞ് മുമ്പ് സമാനരീതിയിൽ തട്ടിപ്പുണ്ടായിരുന്നു. ഇതിെൻറ പുതിയ രൂപമാണ് വാട്സ്ആപ് വഴി നടക്കുന്നത്.
വാട്സ്ആപ് വിന്നേഴ്സ് സർട്ടിഫിക്കറ്റെന്ന പേരിലാണ് കഴിഞ്ഞദിവസങ്ങളിൽ കൂടുതൽ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തത്. സീലും ഒപ്പും ബാർ കോഡും ക്യൂ ആർ കോഡുമൊക്കെ രേഖപ്പെടുത്തിയതാകും സർട്ടിഫിക്കറ്റ്. വിജയിയുടെ പേരും ഫോൺ നമ്പറും അടക്കം നൽകിയിരിക്കും. കൂടെ ലോട്ടറി നമ്പറും ലക്ഷങ്ങൾ സമ്മാനം ലഭിച്ചെന്നുള്ള വിവരവും. വിവരങ്ങൾക്കായി ബന്ധപ്പെടാനുള്ള ആളുടെ പേരും നമ്പറുമുണ്ടാകും.
വാട്സ്ആപ് വിന്നേഴ്സ് സർട്ടിഫിക്കറ്റിൽ കാണിച്ച ക്യൂ ആർ കോഡും മറ്റും ഒരു കാരണവശാലും സ്കാൻ ചെയ്യരുതെന്ന് പൊലീസ് പറയുന്നു. വിവരങ്ങൾക്കായി സ്കാൻ ചെയ്താൽ ഫോണിലെ ബാങ്കിങ് വിവരങ്ങളും സ്വകാര്യ വിവരങ്ങളും ചോർത്താനും പണം നഷ്ടമാകാനും സാധ്യതയുണ്ട്.
കാറ് വേണോ... അതോ പണം മതിയോ...?
തൃശൂർ സ്വദേശിയായ യുവാവിന് ''താങ്കൾക്ക് ലക്കി ഡ്രോയിൽ ആഡംബര കാർ അല്ലെങ്കിൽ അതിെൻറ മൂല്യമുള്ള പണം ലഭിച്ചിട്ടുണ്ട്, ഇതിൽ ഏത് വേണമെന്ന് ചോദിച്ചു സന്ദേശം ലഭിച്ചിരുന്നു. പണം മതിയെന്ന് പറഞ്ഞപ്പോൾ അതിെൻറ നടപടിക്രമങ്ങളുടെ ചെലവിലേക്കായി കുറച്ചുപണം അടക്കാൻ ആവശ്യപ്പെട്ടു.
പന്തികേട് തോന്നിയ യുവാവ് സംഭവം പൊലീസിെന അറിയിച്ചു. മറ്റൊരാൾക്ക് വാട്സ്ആപ് നമ്പറിൽ 50 ലക്ഷം അടിച്ചിട്ടുണ്ട് എന്ന് പറഞ്ഞാണ് സന്ദേശം ലഭിച്ചത്. പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റുകളുടെ പേരിലും തട്ടിപ്പ് വ്യാപകമാണ്. സമ്മാനം വീട്ടിലെത്തിക്കാൻ ഡെലിവറി ചാർജ് അയച്ചുകൊടുക്കാനുള്ള നിർദേശങ്ങളും തട്ടിപ്പുകാരുടെ ഭാഗത്തുനിന്നുണ്ട്.