ചോദ്യചിഹ്നമായി വട്ടപ്പാറ ഇനിയെന്ത് ?
text_fieldsവളാഞ്ചേരി: അപകടങ്ങൾ തുടർക്കഥയാകുമ്പോഴും വട്ടപ്പാറയിലെ അപകട നിവാരണ പദ്ധതികൾ പാതിവഴിയിൽ. എസ്.എൻ.ഡി.പി ഓഫിസിന് സമീപം മുതൽ പ്രധാന വളവിന് താഴെയുള്ള പള്ളി വരെ നീളുന്ന ഡിവൈഡർ നിർമാണം, കൂടുതൽ ലൈറ്റുകളും, അപകട മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കൽ, സുരക്ഷാ ഭിത്തി ശക്തിപ്പെടുത്തൽ, നിലവിലുള്ള റോഡ് വീതികൂട്ടൽ തുടങ്ങിയ വിവിധ പദ്ധതികളാണ് വട്ടപ്പാറയിൽ നടപ്പാക്കുമെന്ന് അറിയിച്ചിരുന്നത്.
സുരക്ഷാ ഭിത്തിയുടെ പുനർനിർമാണം മാത്രമാണ് പൂർണമായും നടത്തിയത്. സ്ഥിരം ഡിവൈഡർ നിർമാണം പാതിവഴിയിലാണ്. കൊടുംവളവിൽ ഡിവൈഡറുകൾ നിർമിച്ചുവെങ്കിലും രാത്രികാല ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്നതിനുള്ള ഒരു സംവിധാനവും ചെയ്തിരുന്നില്ല. ശനിയാഴ്ച പുലർച്ചയുണ്ടായ ലോറി അപകടത്തിൽ ഒരാൾ മരണപ്പെട്ടതോടുകൂടിയാണ് ഡിവൈഡറിന് മുന്നിൽ താൽക്കാലികമായി ബോർഡ് സ്ഥാപിച്ചത്. പാചക വാതക ടാങ്കർ ലോറികൾ ഉൾപ്പെടെ ഇതര സംസ്ഥാനത്തുനിന്നുള്ള ചരക്കുവാഹനങ്ങളാണ് കൂടുതലും വട്ടപ്പാറയിൽ അപകടത്തിൽപ്പെടുന്നത്.

