'ജുമുഅക്ക് അനുമതി നിഷേധിക്കുന്ന നയം തിരുത്തണം'; പ്രതിഷേധ സായാഹ്നവുമായി സമസ്ത
text_fieldsനിയന്ത്രണങ്ങള്‍ക്ക് വിധേയമായി ജുമുഅ നമസ്കാരത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമസ്ത ജില്ല കോഓഡിനേഷന്‍ കമ്മിറ്റി മലപ്പുറത്ത് നടത്തിയ പ്രതിഷേധ സായാഹ്നം
വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: കോവിഡ് നിയന്ത്രണങ്ങളില്‍ വിവിധ മേഖലകളില്‍ സര്‍ക്കാര്‍ ഇളവ് അനുവദിച്ചപ്പോഴും വെള്ളിയാഴ്ചകളിലെ ജുമുഅക്ക് നിയന്ത്രണ വിധേയമായി അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയം തിരുത്തണമെന്നും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ. നിയന്ത്രണ വിധേയമായി ജുമുഅക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമസ്ത ജില്ല കോഓഡിനേഷന്‍ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം.
നിയന്ത്രണങ്ങളുടെ ഭാഗമായി ഇതര മേഖലകളില്‍ പല ഇളവുകളും അനുവദിച്ചപ്പോഴും നിയന്ത്രണങ്ങള്‍ പാലിച്ച് ജുമുഅ നിര്‍വഹിക്കാന്‍ അനുമതി നിഷേധിച്ച സാഹചര്യമാണുള്ളത്. ഈ തീരുമാനം മാറ്റി ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിച്ചുതന്നെ ജുമുഅ നിര്‍വഹിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്.വൈ.എസ് ഈസ്റ്റ് ജില്ല പ്രസിഡൻറ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ല ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്തീന് ഫൈസി ആമുഖഭാഷണം നടത്തി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.
പി. ഉബൈദുല്ല എം.എല്‍.എ, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എ. റഹ്മാന് ഫൈസി കാവനൂര്‍, സി.എച്ച്. ത്വയ്യിബ് ഫൈസി, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, കാടാമ്പുഴ മൂസ ഹാജി, സലീം എടക്കര, ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, കെ.കെ.എസ്. ബാപ്പുട്ടി തങ്ങള്‍, ഹാശിറലി ശിഹാബ് തങ്ങള്‍, അബ്ദുറശീദലി ശിഹാബ് തങ്ങള്‍, സാബിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിശ്വാസികള്‍ വീട്ടുമുറ്റങ്ങളില്‍ പ്ലക്കാര്‍ഡുയര്‍ത്തി സര്‍ക്കാറിനു മുന്നില്‍ ആവശ്യം ഉന്നയിച്ചു.