ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി; ദുരിതത്തിലായി കുടുംബം
text_fieldsകുടിവെള്ള പൈപ്പ് പൊട്ടിയത് മൂലം വെള്ളത്തിലായ തോപ്പിൽപ്രദേശം
അരൂർ: ദേശീയപാതയിൽ അരൂർ കെൽട്രോൺ കവലക്ക് തെക്കുവശം പൈപ്പ് പൊട്ടി കുടിവെള്ളം വീട്ടുമുറ്റം നിറഞ്ഞു. അരൂർ പതിനാറാം വാർഡിൽ തോപ്പിൽ ഉണ്ണികൃഷ്ണപിള്ളയുടെ വീട്ടുമുറ്റത്തേക്കാണ് കുറച്ചു ദിവസങ്ങളായി വെള്ളം കുത്തിയൊലിച്ചെത്തുന്നത്.
ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്തുള്ള പ്രധാന പൈപ്പ് ലൈനാണ് പൊട്ടിയത്. സമീപത്തെ ഡോ. ലത്തീഷിന്റെ പുരയിടത്തിലൂടെ ഒഴുകിയാണ് വെള്ളം ഉണ്ണികൃഷ്ണപിള്ളയുടെ വീട്ടിലേക്ക് എത്തുന്നത്.
ഇതോടെ വീടിന്റെ മുറ്റവും പരിസരവും ചെളിക്കുളമായി മാറി. വാർദ്ധക്യസഹജമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ഉണ്ണികൃഷ്ണപിള്ളയും അദ്ദേഹത്തിന്റെ വീട്ടിലെ ഭിന്നശേഷിക്കാരനായ കുട്ടിയും കടുത്ത ദുരിതത്തിലാണ്. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലും കഴിയാത്ത വിധം മുറ്റം വെള്ളക്കെട്ടിലായിരിക്കുകയാണ്. വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അധികൃതർ പരസ്പരം പഴിചാരി ഒഴിഞ്ഞുമാറുകയാണെന്നാണ് ആക്ഷേപം. ഉയരപ്പാത നിർമാണം കാരണമാണ് പൈപ്പ് പൊട്ടിയതെന്നും അതിനാൽ ഇത് നന്നാക്കേണ്ടത് കരാർ കമ്പനിയാണെന്നുമാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്.
എന്നാൽ അറ്റകുറ്റപ്പണികൾ നടത്താൻ നിർമാണ ക്കമ്പനി തയ്യാറായിട്ടില്ല. വേനൽ കടുക്കുന്ന സാഹചര്യത്തിൽ ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് ദിവസങ്ങളായി ഇവിടെ പാഴാകുന്നത്. വഴിമുട്ടിയ അവസ്ഥയിലായ ഉണ്ണികൃഷ്ണപിള്ളയുടെ കുടുംബത്തിന് അടിയന്തരമായി നീതി ലഭ്യമാക്കണമെന്നും അധികാരികൾ സത്വര നടപടി സ്വീകരിച്ച് പൈപ്പ് ചോർച്ച അടയ്ക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. നടപടി വൈകുന്ന പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രദേശവാസികളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

