നമ്പ്രാണി ചെക്ക് ഡാമിൽ ജലനിരപ്പ് കുറഞ്ഞില്ല; നിർമാണ പ്രവൃത്തികൾ പുനരാരംഭിക്കാൻ വൈകും
text_fieldsകടലുണ്ടിപ്പുഴയിൽ നമ്പ്രാണി ചെക്ക് ഡാമിനായി നിർമാണം പൂർത്തിയായ തൂണുകൾ
മലപ്പുറം: കടലുണ്ടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ തടസ്സപ്പെട്ട നമ്പ്രാണി ചെക്ക് ഡാമിന്റെ നിർമാണ പ്രവൃത്തികൾ പുനരാരംഭിക്കാൻ വൈകിയേക്കും. നിലവിലെ സാഹചര്യത്തിൽ പണി തുടങ്ങാൻ ഡിസംബറെങ്കിലും കഴിയേണ്ടി വരുമെന്നാണ് ജലസേചന വകുപ്പിന്റെ നിരീക്ഷണം. പുഴയിലെ ഒഴുക്ക് നിലക്കുന്നതോടെ ഷട്ടറിന്റെ പ്രവൃത്തി ആരംഭിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.
വേനൽ മഴയും തുടർന്ന് മൺസൂൺ നേരത്തേയെത്തിയതും പ്രവൃത്തികളെ ബാധിച്ചിരുന്നു. ജലനിരപ്പ് കുറയാത്തതിനാൽ നാമ്പ്രാണി തടയണയുടെ നിർമാണം തടസ്സപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ മേയിൽ തന്നെ തടയണയുടെ നിർമാണ പ്രവർത്തനങ്ങളിൽ തടസ്സം നേരിട്ടിരുന്നു. റഗുലേറ്ററിന്റെ 5 തൂണുകൾ സ്ഥാപിച്ചതല്ലാതെ മറ്റു പണികളൊന്നും പൂർത്തിയായിട്ടില്ല. വെള്ളം തടഞ്ഞുനിർത്താനുള്ള ഷട്ടറുകൾ നേരത്തേ നിർമിച്ചിരുന്നെങ്കിലും സ്ഥാപിക്കാൻ പുഴയിലെ ജലനിരപ്പ് കുറയണം.
അതിനിടെ വെള്ളം താഴാൻ കാത്തുനിൽക്കാതെ ഷട്ടറുകൾ സ്ഥാപിക്കാനാകുമോ എന്ന് പരിശോധിച്ചിരുന്നെങ്കിലും നടന്നില്ല. കലക്ടറേറ്റിനു താഴെ ശാന്തിതീരം പാർക്കിനോടു ചേർന്ന് നിർമിക്കുന്ന തടയണയുടെ ആദ്യഘട്ട പ്രവൃത്തി ഏപ്രിലിൽ പൂർത്തിയാക്കാനായിരുന്നു നഗരസഭയുടെ നീക്കം. ഷട്ടറുകൾ സ്ഥാപിച്ച് ഒന്നാംഘട്ട പണി പൂർത്തിയാക്കി ഉദ്ഘാടനം നടത്താനിരിക്കെയാണ് മഴയെത്തിയത്. കേന്ദ്രസർക്കാർ നഗരസഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ഘട്ടമായി 22.5 കോടി രൂപ ചെലവിലാണ് നാമ്പ്രാണി തടയണ നിർമിക്കുന്നത്. ജലസേചന വകുപ്പിനാണ് നിർമാണച്ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

