ഒരുരൂപക്ക് ഒരുലിറ്റർ വെള്ളവുമായി വാട്ടർ എ.ടി.എം
text_fieldsവള്ളിക്കുന്ന്: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു രൂപക്ക് ഒരുലിറ്റർ വെള്ളം ലഭിക്കുന്ന വാട്ടർ എ.ടി.എം തിങ്കളാഴ്ച നാടിന് സമർപ്പിക്കും. വിദ്യാർഥികൾക്കും വഴിയാത്രക്കാർക്കും വ്യാപാരികൾക്കും വിവിധ ആവശ്യങ്ങൾക്ക് അത്താണിക്കൽ വരുന്നവർക്കും 24 മണിക്കൂറും കുടിവെള്ളം ലഭിക്കുന്ന രീതിയിലാണ് വാട്ടർ എ.ടി.എം സ്ഥാപിച്ചിട്ടുള്ളത്. പൊതുകിണറ്റിലെ വെള്ളമാണ് ഇതിന് ഉപയോഗപ്പെടുത്തുന്നത്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന് (കെ.എസ്.ഐ.ഇ) കീഴിൽ തൃശൂർ ആസ്ഥാനമായ വാട്ടർ വേൾഡ് എന്ന സ്വകാര്യ ഏജൻസിയാണ് വാട്ടർ എ.ടി.എം സ്ഥാപിച്ചത്. കിണറ്റിൽനിന്നുള്ള വെള്ളം ശുദ്ധീകരിച്ച് 500 ലിറ്റർ ടാങ്കിൽ സംഭരിച്ച് വാട്ടർ എ.ടി.എം വഴി നൽകും.
വാട്ടർ എ.ടി.എമ്മിന് രണ്ട് ടാപ്പുണ്ടാകും. ഒന്നിൽ ഒരുരൂപയിട്ടാൽ ഒരുലിറ്റർ തണുത്ത വെള്ളവും മറ്റൊന്നിൽ അഞ്ചുരൂപയിട്ടാൽ അഞ്ചുലിറ്റർ സാധാരണ വെള്ളവും ലഭിക്കും. ഇതുവഴി ശുദ്ധജലം ഉറപ്പുവരുത്താനും പ്ലാസ്റ്റിക് കുപ്പിയുടെ ഉപയോഗം കുറക്കുവാനുമാകും. പദ്ധതിയുടെ രണ്ടാം ഘട്ടം അടുത്ത മാസത്തോടെ അരിയല്ലൂർ ജങ്ഷനിലും യാഥാർഥ്യമാവും.

