ഹാ... വണ്ടർഫുൾ ദിസ് വണ്ടൂർ എൽ.പി
text_fieldsവണ്ടൂർ യതീംഖാന സ്കൂളിലെ ഹെഡ്മാസ്റ്റർ സി. മുഹമ്മദ് ഷഫീഖും എസ്.ആർ.ജി കൺവീനർ കെ. മുഹമ്മദ് ഷെരീഫും കുട്ടികൾ തയാറാക്കിയ ഫാമിലി മാഗസിനുകളുമായി
മലപ്പുറം: വേറിട്ട കുട്ടികളെ വാർത്തെടുക്കാൻ വേറെ ലവൽ പരീക്ഷണങ്ങളുമായി വണ്ടൂർ യതീംഖാന സ്കൂൾ. അധ്യയനവർഷം അവസാനിക്കുമ്പോൾ ഈ സ്കൂളിന് പറയാനുള്ളത് വ്യത്യസ്തമായ പഠനോത്സവങ്ങളുടെ കഥ. അതിൽ കുട്ടികൾ മാത്രമല്ല അമ്മമാരും കുടുംബവും പങ്കുചേരുന്നു. സ്വന്തമായി രൂപപ്പെടുത്തിയ ഇരുപതോളം പഠന പ്രവർത്തനങ്ങളാണ് സ്കൂളിൽ വിജയകരമായി നടപ്പാക്കിയത്. ഇതിന് വിദ്യാഭ്യാസവകുപ്പിന്റെ പിന്തുണയും അംഗീകാരവും ലഭിച്ചു. ഇതിലേറ്റവും ശ്രദ്ധേയമായത് അമ്മമാർക്ക് ഇംഗ്ലീഷിൽ പ്രാവീണ്യം നേടാനായി ഒരുക്കിയ പദ്ധതി. 30ൽപരം അമ്മമാർക്ക് ഒരു വർഷം നീണ്ട ഇംഗ്ലീഷ് പഠനക്ലാസിന് വലിയ ഫലമുണ്ടായതായി ഹെഡ്മാസ്റ്റർ സി. മുഹമ്മദ് ഷഫീഖ്, എസ്.ആർ.ജി കൺവീനർ കെ. മുഹമ്മദ് ഷരീഫ് എന്നിവർ പറയുന്നു. അമ്മമാർ അധ്യാപകരെക്കാൾ മികവോടെ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നവരായി മാറി. ‘ഫോക്കസ് ഇംഗ്ലീഷ്’ എന്ന പേരിൽ നടപ്പാക്കിയ പദ്ധതി നാടിനും വലിയ പ്രചോദനമായി. സാധാരണക്കാരായ കുട്ടികൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. ‘അമ്മമാരിലൂടെ കുട്ടികളിലേക്ക്’ എന്ന ആശയമാണ് ഇവിടെ പരീക്ഷിച്ചത്. ഇവരുടെ പഠനപുരോഗതി പൊതുസമൂഹത്തിന് കാണാൻ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു. മികച്ച പെർഫോമൻസായിരുന്നു അമ്മമാരുടേത്. ഇതിന്റെ ഭാഗമായി മനോഹരമായ കൈയ്യെഴുത്തു മാഗസിനും അമ്മമാർ ഒരുക്കി. മലപ്പുറം ജില്ലയിൽ ഇഗ്ലീഷ് പഠനപുരോഗതിക്കായി നടത്തിയ മികച്ച പ്രവർത്തനങ്ങളിൽ ഒന്നായി ഇത് പരിഗണിക്കുകയും ഡയറ്റ് സെമിനാറിൽ പങ്കെടുപ്പിച്ച് ഉപഹാരവും നൽകി. വരും വർഷങ്ങളിൽ ഈ പദ്ധതി കൂടുതൽ വിപുലമായി നടപ്പാക്കാനൊരുങ്ങുകയാണ് സ്കൂൾ അധികൃതർ.
മറ്റൊരു മികച്ച പരിപാടി ‘ഫാമിലി മാഗസിനുകൾ’ തയാറാക്കലായിരുന്നു. സ്വന്തം കുടുംബത്തിന്റെ കഥ പറയുന്ന ഫാമിലി മാഗസിൻ ആയിരുന്നു കുട്ടികൾക്ക് നൽകിയ പാഠ്യേതര പ്രവൃത്തി. ഓരോ കുട്ടിയും കുടുംബത്തിന്റെ സഹായത്തോടെ തയാറാക്കി. മനോഹരമായ പേരുകൾ, ചിത്രങ്ങൾ, ആവിഷ്കാരങ്ങൾ എല്ലാമായി ഓരോ കുട്ടിയും ഓരോ മാഗസിനുകൾ പുറത്തിറക്കി. മുന്നൂറോളം കുട്ടികളാണ് മാഗസിനുകൾ തയാറാക്കിയത്. സ്വന്തമായി ഉണ്ടാക്കിയതോ കണ്ടെത്തിയതോ ആയ എന്തും മാഗസിനിൽ ആവാം എന്ന ‘ആവിഷ്കാരസ്വാതന്ത്ര്യം’ അധ്യാപകർ കുട്ടികൾക്ക് നൽകി. നാളെയുടെ ഓർമകൾ, എന്റെ സ്വപ്നക്കൂട്, മയിൽപീലി, എന്റെ എഴുത്തോല, ഒരു തൂവൽസ്പർശം പോലെ തുടങ്ങി ഭാവനകൾ ചാലിച്ച കവറുകളുമായാണ് കുഞ്ഞുമാഗസിനുകൾ പിറന്നത്. നാല് സി.യിലെ പി. മുഹമ്മദ് റാദിൻ തയാറാക്കിയ മാഗസിൻ സ്കൂൾ തലത്തിൽ ഒന്നാമതായി. ക്ലാസ് മുറികളിൽ ഇതുവരെ പഠിപ്പിക്കാത്ത മരം കയറ്റം, പാലം കടക്കൽ, പണമെണ്ണൽ, ഉന്നം നോക്കൽ, ബാലൻസിങ്, മണത്തറിയൽ തുടങ്ങിയ വ്യത്യസ്ത പരിശീലന പരിപാടികളും ഈ സ്കൂളിൽ നടപ്പാക്കി. 462 കുട്ടികളാണ് വണ്ടൂർ യതീംഖാന സ്കൂളിൽ പഠിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

