പെരിന്തൽണ്ണ ജില്ല ആശുപത്രിയിൽ ഡി.എം.ഒയുടെ സന്ദർശനം; രോഗികളെ കേൾക്കാതെ അടച്ചിട്ട മുറിയിൽ അഞ്ചുമണിക്കൂർ ചർച്ച
text_fieldsപെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ഡി.എം.ഒ ആർ. രേണുകയോട് ആശുപത്രിയുടെ പരിമിതികൾ എച്ച്.എം.സി അംഗം കുറ്റീരി മാനുപ്പ വിശദീകരിക്കുന്നു
പെരിന്തൽമണ്ണ: രോഗികളുടെയോ ആശുപത്രിയിലെത്തുന്നവരുടെയോ പ്രശ്നങ്ങളോ പരാതികളോ കേൾക്കാനും പരിശോധിക്കാനും നിൽക്കാതെ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ജില്ല മെഡിക്കൽ ഓഫിസറുടെ സന്ദർശനം. ആശുപത്രി സൂപ്രണ്ടിന്‍റെ അടച്ചിട്ട ഓഫിസ് മുറിയിൽ രാവിലെ 10ന് തുടങ്ങിയ ചർച്ച വൈകീട്ട് മൂന്നു വരെ തുടർന്നു. ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റ്, അറ്റൻഡർ, ഫീൽഡ് വർക്കർ തുടങ്ങി വിവിധ വിഭാഗം ജീവനക്കാരെ ഇവിടേക്ക് വിളിച്ചുവരുത്തിയായിരുന്നു ചർച്ച. രോഗികൾക്കും ആശുപത്രി വികസന സമിതി അംഗങ്ങൾക്കും പരാതികൾ പറയാനായില്ല. പനി സീസണായതോടെ ഒ.പിയിലും മരുന്ന് വിതരണ സ്ഥലത്തും രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിശോധിക്കാൻ ഡി.എം.ഒയും തയാറായില്ല.
ഡി.എം.ഒയോട് പരാതി പറയാൻ വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് രാവിലെ 11 മുതൽ ഉച്ചക്ക് രണ്ടു മണിക്കൂർ കാത്തുനിന്നെങ്കിലും പരാതി പറയാതെ മടങ്ങേണ്ടിവന്നു. 177 കിടക്കകളുള്ള ആശുപത്രിയിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കിയിട്ടും നൂറിൽ താഴെ കിടക്കകളിലേ രോഗികൾ ഉള്ളൂ. കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഒ.പി, ഐ.പി എന്നിവ കാര്യക്ഷമമായി നടത്താൻ ഡോക്ടർമാരോ ആശുപത്രി അധികൃതരോ താൽപര്യമെടുക്കുന്നില്ല. ഇക്കാര്യങ്ങൾ ആശുപത്രി സൂപ്രണ്ട്, ആർ.എം.ഒ എന്നിവരോട് പരാതിപ്പെട്ടാൽ ഇടപെടാനും തയാറാവുന്നില്ലെന്നാണ് മുഖ്യ പരാതി.
എച്ച്.എം.സി അംഗങ്ങൾ കലക്ടറെ കണ്ട് നൽകിയ പരാതിയിൽ കലക്ടറുടെ നിർദേശാനുസരണമാണ് ഡി.എം.ഒ എത്തിയത്. ഇക്കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ജൂലൈ എട്ടിന് എച്ച്.എം.സി യോഗം നടക്കും.
ചടങ്ങ് തീർക്കലായി ജില്ല മെഡിക്കൽ ഓഫിസറുടെ സന്ദർശനം
പെരിന്തൽമണ്ണ: ജില്ല കലക്ടറുടെ നിർദേശാനുസരണം പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെത്തിയ ജില്ല മെഡിക്കൽ ഓഫിസർ ഇവടത്തെ ചികിത്സ, സേവനങ്ങൾ മുടക്കമില്ലാതെ നൽകാൻ പ്രത്യേക ഇടപെടലുകളൊന്നും നടത്തിയില്ല. അതേസമയം, പഴയ ബ്ലോക്കിൽ പ്രവർത്തിക്കുന്ന തിയറ്റർ കൂടി പുതിയ ബ്ലോക്കിൽ സ്ഥാപിക്കാനും മുഴുവൻ തിയറ്റർ സൗകര്യവും മാതൃശിശു ബ്ലോക്കിലാക്കാനും തീരുമാനമെടുത്തു. രണ്ടു ദിവസം മാത്രമാണ് ഗർഭിണികളുടെ ശസ്ത്രക്രിയ. രാവിലെ 10 മുതൽ ഉച്ചവരെ മാത്രമേ തിയറ്റർ പ്രവർത്തിക്കുന്നുള്ളൂ. നാല് ഗൈനക്കോളജി ഡോക്ടർമാരിൽ മൂന്നുപേരുടെ സേവനമേ ലഭിക്കുന്നുള്ളൂ.
മാതൃശിശു ബ്ലോക്കിൽ പോസ്റ്റ് ഓപറേറ്റിങ് വാർഡിൽ 12 കട്ടിലുകളാണുള്ളത്. ബാക്കിയുള്ളവരെ നിലത്തുവരെ കിടത്തുകയാണ്. തിയറ്റർ സൗകര്യം 24 മണിക്കൂറും പ്രവർത്തനക്ഷമമാക്കണമെന്നാണ് രോഗികളും ആശുപത്രി വികസന സമിതിയും ഡോക്ടർമാരും ആവശ്യപ്പെട്ടത്. ഇതിന് ഒരു അനസ്തേഷ്യ ഡോക്ടർ മാത്രമേ ഉള്ളൂ. കൺസൽട്ടന്‍റ് (അനസ്തേഷ്യ) തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ആവശ്യാനുസരണം അനസ്തേഷ്യ ഡോക്ടറെ പുറത്തു നിന്ന് വിളിച്ച് ശസ്ത്രക്രിയ നടത്താമെങ്കിലും നഴ്സുമാരുടെ കുറവാണ് തടസ്സം. മാതൃശിശു ബ്ലോക്ക് പ്രവർത്തനം തുടങ്ങിയിട്ട് എട്ട് വർഷം പിന്നിട്ടെങ്കിലും മൂന്നു നില ബ്ലോക്കിൽ മുകൾ നില ഒഴിഞ്ഞുകിടക്കുകയാണ്. ബാക്കിയുള്ള കൂടുതൽ ഭാഗം ആശുപത്രി ഓഫിസും അനുബന്ധ വിഭാഗങ്ങളുമാണ്. ജില്ല ആശുപത്രിയായിട്ടും ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും കൃത്യമായ സേവനം ഉറപ്പാക്കാൻ കഴിയുന്നില്ല.
സൂപ്രണ്ടിന്‍റെ ഓഫിസിലെ ബോർഡ് നീക്കാൻ ആവശ്യം
പെരിന്തൽമണ്ണ: അനുവാദം കൂടാതെ പ്രവേശിക്കരുതെന്ന് കാണിച്ച് ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ആരതി സുരേഷ് വാതിലിൽ പതിച്ച ബോർഡ് നീക്കാൻ ആവശ്യം. ഡി.എം.ഒ ഡോ. ആർ. രേണുകയോട് എച്ച്.എം.സി അംഗമാണ് സൂപ്രണ്ടിന്‍റെ സാന്നിധ്യത്തിൽ ഇക്കാര്യ ആവശ്യപ്പെട്ടത്. സദാ അടഞ്ഞുകിടക്കുന്ന വാതിൽ ഓട്ടോമാറ്റിക് സിസ്റ്റത്തിലാണ്. വിവിധ പരാതികളും വിഷയങ്ങളുമായി വരുന്നവരെ കാണാനും അത് കേൾക്കാനും ബാധ്യതപ്പെട്ട ഉദ്യോഗസ്ഥ ഇത്തരത്തിൽ ബോർഡ് വെച്ചത് നല്ല പ്രവണതയല്ലെന്നും പറഞ്ഞു. പരിശോധിക്കാമെന്ന് ഡി.എം.ഒ മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

