വേങ്ങര; യു.ഡി.എഫിന് അതുല്യ വിജയം
text_fieldsപ്രതീകാത്മക ചിത്രം
വേങ്ങര: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽ യു.ഡി.എഫ് മുന്നണി നേടിയത് അതുല്യ വിജയം. ആറു ഗ്രാമ പഞ്ചായത്തുകളിലും യു.ഡി.എഫിനാണ് ആധിപത്യം. എല്ലാ പഞ്ചായത്തിലുമായി എൽ. ഡി. എഫ് സ്വതന്ത്ര വേഷത്തിൽ മത്സരിച്ച എട്ടു സ്ഥാനാർഥികൾ മാത്രമാണ് ജയിച്ചു കയറിയത്. അതേസമയം, ആറു പഞ്ചായത്തിലും കൂടി എൽ.ഡി.എഫ് പിന്തുണയില്ലാത്ത 24 സ്വതന്ത്ര സ്ഥാനാർഥികൾ ജയിച്ചു കയറിയിട്ടുണ്ട്. എ.ആർ. നഗർ പഞ്ചായത്തിൽ 24 സീറ്റിൽ 23 വാർഡും യു.ഡി.എഫ് കൈയടക്കി. ഇതിൽ ഒരു വാർഡിൽ യു.ഡി.എഫ് പിന്തുണയോടെ വെൽഫെയർ പാർട്ടിയാണ് ജയിച്ചു കയറിയത്. കണ്ണമംഗലത്ത് 24ൽ 22 സീറ്റിലും യു. ഡി.എഫ് വിജയക്കൊടി നാട്ടി.
ഇവിടെയും ഒരു വാർഡിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥിയാണ് വിജയിച്ചത്. ഊരകം ഗ്രാമ പഞ്ചായത്തിൽ 19 വാർഡുകളിൽ 16 സീറ്റും യു.ഡി.എഫ് കൈയടക്കി. ഒരു സീറ്റിൽ യു.ഡി.എഫ് വിമതനും വിജയിച്ചു. പറപ്പൂരിൽ 22 വാർഡുകളിൽ 18 സീറ്റിലും യു.ഡി.എഫിനാണ് വിജയം. ഇതിൽ ഒരു സീറ്റ് യു.ഡി.എഫ് പിന്തുണയോടെ വെൽഫെയർ പാർട്ടി സ്ഥാനാർഥിയാണ് ജയിച്ചത്. ഒരു സീറ്റിൽ എൽ.ഡി.എഫും മൂന്ന് സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർഥികളും വിജയിച്ചു.
വേങ്ങരയിലാവട്ടെ, 24 വാർഡിൽ രണ്ട് വാർഡിൽ എൽ.ഡി.എഫ് സ്വതന്ത്രരും രണ്ട് വാർഡിൽ യു.ഡി.എഫ് വിമതരും ജയിച്ചു കയറി. ഒതുക്കുങ്ങൽ പഞ്ചായത്തിൽ 23 വാർഡുകളിൽ 15 സീറ്റിൽ യു.ഡി.എഫ് വിജയിച്ചു. ഒരു സീറ്റ് മാത്രമാണ് എൽ.ഡി.എഫിന് നേടാനായത്. ബാക്കി ഏഴ് സീറ്റിലും സ്വതന്ത്ര സ്ഥാനാർഥികൾ ജയിച്ചു കയറി. 2021ൽ യു. ഡി. എഫ് സ്ഥാനാർഥിയായി മത്സരിച്ച പി. കെ കുഞ്ഞാലിക്കുട്ടിക്ക് 70381 വോട്ടും എൽ.ഡി.എഫ് സ്ഥാനാർഥി ജിജിക്ക് 39785 വോട്ടുമാണ് ലഭിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

