സൈനബക്കും മക്കൾക്കും കണ്ണീരോടെ വിട...
text_fieldsപറപ്പൂർ വീണാലുക്കലിൽ കുളത്തിൽ മുങ്ങി മരിച്ച ഉമ്മയും രണ്ട് മക്കളുമടങ്ങുന്ന മൂന്നു പേരുടെ മൃതദേഹങ്ങൾ വീണാലുക്കൽ ഓഡിറ്റോറിയത്തിൽ എത്തിക്കുന്നു
വേങ്ങര: പറപ്പൂർ വീണാലുക്കലിൽ കുളത്തിൽ മുങ്ങി മരിച്ച മാതാവിനും രണ്ട് മക്കൾക്കും കണ്ണീരിൽ കുതിർന്ന വിട. തിരൂരങ്ങാടി ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തീകരിച്ച് തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ പറപ്പൂർ വീണാലുക്കലിൽ എത്തിച്ച പരേതനായ കുമ്മൂറ്റിക്കൽ മൊയ്തീന്റെ ഭാര്യ ചീരങ്ങൻ സൈനബ (56), മക്കളായ മുഹമ്മദ് ആശിഖ് (22), ഫാത്തിമ ഫാസില (18) എന്നിവരുടെ മൃതദേഹങ്ങൾ, അവസാനമായൊന്നു കാണാനും അന്ത്യോപചാരമർപ്പിക്കാനും നിരവധി ആളുകളാണ് കാത്തുനിന്നത്.
വീണാലുക്കൽ എസ്.ജെ.എം ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു ശേഷം വീണാലുക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മറവ് ചെയ്തു. ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെ വീട്ടിൽ നിന്ന് അലക്കാനും കുളിക്കാനുമായി പുറപ്പെട്ട ഉമ്മയും മക്കളും മുങ്ങി മരിക്കുകയായിരുന്നു. പറപ്പൂർ വീണാലുക്കൽ താഴേക്കാട്ട്പടിയിൽ വയലിനോടു ചേർന്ന പഞ്ചായത്ത് കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു മൂവരും. ഇവരുടെ കൂടെ പോവാതിരുന്ന ഇളയ മകൻ മുഹമ്മദ് ഫാസിൽ (19) മാത്രമാണ് ഇനിയീ കുടുംബത്തിൽ അവശേഷിച്ചത്. മണ്ണാർക്കാട് യതീംഖാനയിൽ ഒമ്പതാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കെ പഠനം നിർത്തി പറപ്പൂരിൽ ഉമ്മയുടെ കൂടെ നിൽക്കുകയായിരുന്നു ഫാസിൽ. ഉമ്മയും സഹോദരങ്ങളും ജീവിതത്തിൽനിന്ന് യാത്ര പറഞ്ഞതോടെ കുട്ടിയുടെ സംരക്ഷണം ബന്ധുക്കൾ ഏറ്റെടുക്കുമെന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

