സഞ്ജയും അദ്വൈതും രക്ഷകരായി; കുഞ്ഞുട്ടി ചെട്ടിയാർക്ക് പുതുജീവൻ
text_fieldsസഞ്ജയും അദ്വൈതും
വേങ്ങര: കടലുണ്ടിപ്പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട 75കാരനെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ രക്ഷപ്പെടുത്തി. കൂരിയാട് പനമ്പുഴ കടവില്‍ കുളിക്കാനിറങ്ങിയ കൊളപ്പുറം കുംഭാര കോളനിയിലെ കുഞ്ഞുട്ടി ചെട്ടിയാരെയാണ് (75) രക്ഷപ്പെടുത്തിയത്. കാട്ടുമുണ്ടക്കല്‍ സഞ്ജയ് (14), കാട്ടുമുണ്ടക്കില്‍ അദ്വൈത് (14) എന്നിവരാണ് മുങ്ങിത്താഴുകയായിരുന്ന ഇദ്ദേഹത്തെ രക്ഷിച്ചത്.
പുഴക്ക് സമീപം താമസിക്കുന്ന ഇരുവരും മീന്‍പിടിക്കാനും കുളിക്കാനും സ്ഥിരമായി വാഹനങ്ങളുടെ ടയറിെൻറ ട്യൂബില്‍ കാറ്റ് നിറച്ച് ഇറങ്ങാറുണ്ട്. ഇതിനിടെയാണ് മറുകരയില്‍ ഒരാള്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ടത്.
ഉടൻ ഇരുവരും ട്യൂബ് തുഴഞ്ഞ് മറുകരയിലെത്തി ആളെ രക്ഷിക്കാൻ തോര്‍ത്തിട്ടുകൊടുത്തു. ഇത് വിജയിക്കാത്തതിനാൽ കൈ നീട്ടിയെങ്കിലും ഫലുമുണ്ടായില്ല. തുടര്‍ന്ന് രണ്ടുപേരും വെള്ളത്തിലേക്ക് ചാടി വലിച്ച് കരക്ക് കയറ്റുകയായിരുന്നു. വിവിരമറിഞ്ഞെത്തിയ നാട്ടുകാര്‍ ചെട്ടിയാരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. കാട്ടുമുണ്ടക്കല്‍ ഷണ്മുഖെൻറയും തങ്കമണിയുടെയും മകനാണ് അദ്വൈത്. ഭാസ്കരെൻറയും ബീനയുടെയും മകനാണ് സഞ്ജയ്.

