കോടികൾ ചെലവഴിച്ച ആശുപത്രി കെട്ടിടം നോക്കുകുത്തി
text_fieldsനോക്കുകുത്തിയായ വേങ്ങര സാമൂഹികാരോഗ്യ
കേന്ദ്രത്തിെൻറ കെട്ടിടം
വേങ്ങര: കോടികൾ ചെലവഴിച്ച് വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിനായി നിർമിച്ച ബഹുനില കെട്ടിടം നോക്കുകുത്തിയായിട്ട് കാലമേറെയായി. കെട്ടിട നിർമാണത്തിന് വേണ്ടി 2015ൽ കോടികളുടെ ഫണ്ട് അനുവദിക്കുകയും ഒമ്പത് ഡോക്ടർമാരെ നിയമിക്കുകയും ചെയ്തിരുന്നു. കിടത്തി ചികിത്സ ഉണ്ടായിരുന്ന പഴയ കെട്ടിടം, പുതിയ കെട്ടിട നിർമാണത്തിനായി പൊളിക്കേണ്ടി വന്നതിനാൽ കിടത്തി ചികിത്സ പാടെ ഉപേക്ഷിക്കുകയായിരുന്നു.
അതിനിടെ കോവിഡ് സാഹചര്യത്തിൽ രോഗികൾക്കായി ആശുപത്രി തുറന്നു കൊടുത്തെങ്കിലും രോഗ സ്ഥിരീകരണ നിരക്ക് കുറഞ്ഞ സാഹചര്യത്തിൽ കോവിഡ് ചികിത്സയും നിർത്തിവെച്ചു.
വേങ്ങര, പറപ്പൂർ, ഊരകം, കണ്ണമംഗലം, എ.ആർ. നഗർ ഗ്രാമ പഞ്ചായത്തുകളിലെ പാവങ്ങളുടെ ആശ്രയ കേന്ദ്രമായിരുന്ന വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിെൻറ പുതിയ കെട്ടിടം, ആയിരക്കണക്കിന് വരുന്ന സാധാരണക്കാർക്ക് തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്തമാണ്. നിലവിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് പൊതുജനം.
ഇപ്പോൾ ആശുപത്രിയിൽ ആധുനിക ലാബ് സൗകര്യം, ലക്ഷങ്ങൾ മുടക്കി ആധുനിക സൗകര്യങ്ങളോടെയുള്ള എക്സ്റേ യൂനിറ്റ് എന്നിവ തുടങ്ങിയിട്ടുണ്ട്. എന്നാൽ സ്റ്റാഫ് നഴ്സ്, ക്ലീനിങ് സ്റ്റാഫ് എന്നിവരുടെ അഭാവമാണ് ആവശ്യത്തിന് ഡോക്ടർമാരുള്ള ഈ ആശുപത്രിയിൽ കിടത്തി ചികിത്സ തുടങ്ങാതിരിക്കാനുള്ള കാരണമായി ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.
വലിയ സൗകര്യങ്ങളൊന്നും ഇല്ലാത്ത കാലത്ത് ശിശുരോഗ ചികിത്സക്കും, പ്രസവചികിത്സക്കും പേരുകേട്ട ആശുപത്രിയായിരുന്നു ഇത്. കെട്ടിട സൗകര്യങ്ങളും അനുബന്ധ ലാബ് എക്സ്-റേ സൗകര്യങ്ങളും ഉപയോഗപ്പെടുത്തി ജനങ്ങൾക്ക് പൂർണതോതിൽ ഉപകാരപ്പെടുത്തണമെന്നും സ്ത്രീരോഗം, എല്ലുരോഗം, ശിശുരോഗ വിഭാഗം തുടങ്ങിയവയിൽ മതിയായ ഡോക്ടർമാരെ നിയമിച്ച് ഐ.പി സൗകര്യങ്ങൾ യാഥാർഥ്യമാക്കണമെന്നുമാണ് പൊതുജനാവശ്യം.
'കിടത്തി ചികിത്സ പുനരാരംഭിക്കണം'
വേങ്ങര: കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ ഉടൻ കിടത്തി ചികിത്സ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ആരോഗ്യമന്ത്രി വീണാ ജോർജിന് കത്ത് നൽകി. ആവശ്യമായ നാല് നഴ്സിങ് സ്റ്റാഫ്, മൂന്ന് ആശുപത്രി അസിസ്റ്റൻറ്, എക്സറേ ടെക്നീഷൻ എന്നീ തസ്തികകൾ അനുവദിച്ച് നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

