താങ്ങ് വേണം, തണലേകാൻ
text_fieldsവേങ്ങര മണ്ണിൽപിലാക്കലിൽ പൊളിഞ്ഞുവീഴാറായ ബസ് കാത്തിരിപ്പുകേന്ദ്രം
വേങ്ങര: വേങ്ങര-പരപ്പനങ്ങാടി റോഡിൽ മണ്ണിൽപിലാക്കലിലെ പൊളിഞ്ഞുവീഴാറായ ബസ് കാത്തിരിപ്പുകേന്ദ്രം അപകടം കാത്തിരിക്കുന്നു. വേങ്ങര ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ശോച്യാവസ്ഥയിലായ ഈ ഷെഡ് ഏത് സമയത്തും നിലംപൊത്താറായ നിലയിലാണ്. മാത്രമല്ല പ്ലാസ്റ്റിക്കുകളുടെയും പേപ്പറുകളുടെയും മാലിന്യ കൂമ്പാരമായി കാത്തിരിപ്പുകേന്ദ്രം മാറുകയും ചെയ്തു. പഞ്ചായത്ത് ശുചീകരണ തൊഴിലാളികൾ ഇവിടേക്ക് എത്താറുമില്ല.
സ്കൂൾ കുട്ടികളടക്കം നിരവധി പേർ ഇപ്പോഴും ഉപയോഗിക്കുന്ന ഈ കാത്തിരിപ്പുകേന്ദ്രം ഇഴജന്തുക്കളുടെ താമസസ്ഥലമായി മാറിയിരിക്കാൻ സാധ്യതയുള്ളതിനാൽ ഷെഡിന്റെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ആം ആദ്മി പാർട്ടി ഭാരവാഹികളായ വി.എം. ഹംസക്കോയ, എം.വി. ഷബീർ അലി, പി.ഒ. ഷമീം ഹംസ, അബ്ദുൽ റഹീം പൂക്കത്ത് എന്നിവർ ആവശ്യപ്പെട്ടു. അധികൃതർ ആവശ്യപ്പെടുകയാണെങ്കിൽ പാർട്ടി നേതൃത്വത്തിൽ അറ്റകുറ്റപ്പണി ചെയ്യാൻ ഒരുക്കമാണെന്നും ഭാരവാഹികൾ അറിയിച്ചു.