കൃഷി ഓഫിസറെ ഭീഷണിപ്പെടുത്തിയ സംഭവം: പൊലീസിൽ പരാതി നൽകി
text_fieldsവേങ്ങര: വയൽ നികത്തൽ തടഞ്ഞ കൃഷി ഓഫിസറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വേങ്ങര കൃഷി ഓഫിസർ എം. നജീബ് പൊലീസിൽ പരാതി നൽകി. പഞ്ചായത്തിലെ 22ാം വാർഡിൽ ഇല്ലിപ്പിലാക്കലിൽ കുതിരച്ചിറക്കു സമീപം വയൽ നികത്താൻ വയലുടമ ചെങ്കൽ ഇറക്കിയതിെൻറ ഭാഗമായി കൃഷി ഓഫിസർ വിവിധ കേന്ദ്രങ്ങളിലെത്തി നികത്തൽ തടയാൻ നടപടി സ്വീകരിച്ചിരുന്നു.
ഇതേ തുടർന്നാണ് ഉടമ നജീബിനെ ഭീഷണിപ്പെടുത്തിയത്. എല്ലാ സ്ഥലത്തും നികത്തൽ നടക്കുന്നുണ്ടെന്നും താൻ പോയി തെൻറ പണി നോക്കെന്നും ഇവിടെ നികത്താൻ ഒരുങ്ങി നിൽക്കുകയാണെന്നുമാണ് ഉടമ ഭീഷണിപ്പെടുത്തിയത്.
ഇതേ തുടർന്നാണ് കൃഷി ഓഫിസർ വില്ലേജ് ഓഫിസർക്കും വേങ്ങര പൊലീസിലും പരാതി നൽകിയത്. ആർ.ഡി.ഒയുടെയും മേലധികാരികളുടെയും ശ്രദ്ധയിൽപെടുത്തി വയൽ നികത്തൽ തടയാനുള്ള നടപടിയിലാണ് കൃഷി ഓഫിസർ എന്നറിയുന്നു.

