പാക്കടപ്പുറായ ആരോഗ്യഉപകേന്ദ്രം കെട്ടിടനിർമാണത്തിന് 55.5 ലക്ഷം
text_fieldsപാക്കടപ്പുറായ ആരോഗ്യ ഉപകേന്ദ്രത്തിന്റെ പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നു
വേങ്ങര: വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിന് കീഴിലെ പാക്കടപ്പുറായ ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കാൻ എൻ.എച്ച്.എം മുഖേന 55.5 ലക്ഷം രൂപ അനുവദിച്ചു. ഉപയോഗശൂന്യമായ കെട്ടിടം പൊളിച്ചുമാറ്റുന്ന പണി പുരോഗമിക്കുകയാണ്.
പുതിയ കെട്ടിടം നിർമിക്കാൻ ഫണ്ട് അനുവദിച്ചില്ലെന്ന വാർത്ത ‘മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. വർഷങ്ങളായി നാശോന്മുഖമായി കിടന്നിരുന്ന ഉപകേന്ദ്രം പുതിയ കെട്ടിടം നിർമിക്കുന്നതോടെ പ്രവർത്തനസജ്ജമാവും. ഗർഭിണികളുടെയും കുട്ടികളുടെയും പരിചരണം ലക്ഷ്യം വെച്ച് പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിന്റെ 35 വർഷം പഴക്കമുള്ള കെട്ടിടം കാലപ്പഴക്കത്താൽ ചോർന്നൊലിക്കാനും ചുവരുകൾ പൊട്ടിപ്പൊളിയാനും തുടങ്ങിയിരുന്നു.
ഇതോടെ പ്രവർത്തനം താൽക്കാലികമായി നിർത്തി വെച്ച കെട്ടിടമാണ് പൊളിച്ചുമാറ്റുന്നത്. ഗ്രാമപഞ്ചായത്തിലെ ഏഴ് വാർഡുകളിൽ ബി.സി.ജി, പോളിയോ തുള്ളിമരുന്ന്, പെന്റാവാലന്റ് വാക്സിൻ, ഐ.പി.വി, മീസിൽസ് റൂബല്ല എന്നിവക്കെതിരെയുള്ള കുത്തിവെപ്പുകൾ നടന്നിരുന്ന സാമൂഹികാരോഗ്യകേന്ദ്രം ആയിരക്കണക്കിനാളുകൾക്ക് പ്രയോജനപ്പെട്ടിരുന്നു. കെട്ടിടം ഉപയോഗശൂന്യമായതോടെ താൽക്കാലിക വാടകമുറിയിലാണ് പ്രവർത്തിക്കുന്നത്. നിർമ്മാണം ഉടൻ പൂർത്തീകരിച്ച് ഉടൻ പ്രവർത്തന സജ്ജമാക്കുമെന്ന് പഞ്ചായത്ത് അംഗം തുമ്പയിൽ നുസ്രത്ത് പറഞ്ഞു.

