ആഭരണം വാങ്ങാനെന്ന വ്യാജേനയെത്തി 300 ഗ്രാം വെള്ളി കവര്‍ന്നു
text_fieldsവേങ്ങര: ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ വന്ന് 300 ഗ്രാമിെൻറ വെള്ളി ആഭരണം കവര്‍ന്നു. വേങ്ങര ടൗണിൽ മസ്ജിദ് ബസാറിൽ പുള്ളിശ്ശേരി പറമ്പില്‍ അബൂബക്കറിെൻറ ഉടമസ്ഥതയിലുള്ള സഫ ജ്വല്ലറിയിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് ഉടമസ്ഥനേയും ജീവനക്കാരനേയും കബളിപ്പിച്ച് മോഷ്ടാവ് 25,000 രൂപയിലധികം വിലവരുന്ന ആഭരണം കൈക്കലാക്കിയത്.
ഇരട്ടകൾക്കായി ഒരേ അളവിലുള്ള രണ്ട് സെറ്റ് പാദസരങ്ങളാണ് മോഷ്ടാവ് ഉപഭോക്താവെന്ന വ്യാജേന ആവശ്യപ്പെട്ടത്. വിവിധ മോഡലുകൾ കാണിച്ചുകൊടുക്കാനായി പുറത്ത് എടുത്തുവെച്ച ഒരു കെട്ട് പാദസരങ്ങളുടെ മുകളില്‍ കൈയിലുള്ള കുട വെച്ച് കുടയോടൊപ്പം ആഭരണങ്ങളും എടുത്താണ് തട്ടിപ്പ് നടത്തിയതെന്ന് സി.സി.ടി.വി പരിശോധനയിൽ വ്യക്തമായി. വസ്ത്രക്കടയില്‍ കയറിയ കുടുംബത്തെ കൂട്ടി വരാമെന്ന് പറഞ്ഞാണ് മോഷ്ടാവ് പുറത്തിറങ്ങിയത്. ഇയാള്‍ സ്ഥലംവിട്ട ശേഷം, ആഭരണങ്ങൾ അലമാരയിലേക്ക് വെക്കുന്നതിനിടെയാണ് ഒരു കെട്ട് വെള്ളി ആഭരണം നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍ പെട്ടത്.

