വെഞ്ചാലി എക്സ്പ്രസ് കനാല്‍; നിര്‍മാണ നടപടിക്ക് തുടക്കം
text_fieldsവെഞ്ചാലി എക്സ്പ്രസ് കനാലിന്റെ നിര്‍മാണത്തിനായി പദ്ധതി പ്രദേശത്തെ മരങ്ങള്‍ മുറിച്ചു മാറ്റിയപ്പോള്‍
തിരൂരങ്ങാടി: കര്‍ഷകരുടെ ചിരകാല സ്വപ്നമായ വെഞ്ചാലി എക്സ്പ്രസ് കനാല്‍ നിര്‍മാണത്തിന്റെ പ്രരംഭപ്രവൃത്തികള് തുടങ്ങി. പദ്ധതി പ്രദേശത്തെ മരങ്ങള്‍ മുറിച്ചുനീക്കുന്ന പ്രവൃത്തികളാണ് ആരംഭിച്ചത്. കരാര്‍ കാലാവധി തീരാന്‍ രണ്ട് മാസം മാത്രം ബാക്കിയിരിക്കെ ഉദ്യോഗസ്ഥ അലംഭാവത്തില്‍ പ്രതിസന്ധിയിലായ പദ്ധതി തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗിന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് ആരംഭിച്ചത്. പദ്ധതി പ്രദേശത്തെ 146 മരങ്ങള്‍ വെട്ടിമാറ്റുന്ന പ്രവൃത്തി കഴിഞ്ഞദിവസമാണ് തുടങ്ങിയത്.
പദ്ധതി പ്രദേശത്തെ വൈദ്യുതി തൂണുകള്‍ മാറ്റാനുള്ള എസ്റ്റിമേറ്റ് കെ.എസ്.ഇ.ബിയും ജലസേചന വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. കരാറുകാരന് കെ.എസ്.ഇ.ബിയില്‍ പണം അടച്ചാല്‍ തൂണുകള്‍ മാറ്റിവെക്കുന്ന പ്രവൃത്തിയും ഉടന്‍ ആരംഭിക്കും. ലെവല്‍സ് റിപ്പോര്‍ട്ട് തയാറാക്കി രണ്ട് ദിവസത്തിനകം അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
നാല് വര്‍ഷം മുമ്പ് അനുവദിച്ച അഞ്ച് കോടി രൂപയുടെ പദ്ധതി ഉദ്യോഗസ്ഥ അലംഭാവത്തിലാണ് വൈകിയത്. ജില്ലയിലെത്തന്നെ പ്രധാന നെല്ലറയായറിയപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് വെഞ്ചാലി, കൊടിഞ്ഞി, അത്താണി, കുണ്ടൂര്‍, ചെറുമുക്ക് പാടശേഖരങ്ങള്‍. ഇവിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പദ്ധതി മുടങ്ങുമെന്ന സാഹചര്യമായിരുന്നു. ഇതോടെയാണ് യൂത്ത്ലീഗ് കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തിയത്.
കനാല്‍ നിര്‍മാണം വേഗത്തില്‍ ആരംഭിക്കണമെന്നും മരങ്ങള്‍ വെട്ടി മാറ്റിയത് കൊണ്ട് മാത്രം നിര്‍മാണം ആരംഭിച്ചെന്ന് പറയാനാകില്ലെന്നും തിരൂരങ്ങാടി മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് യു.എ. റസാഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

