വനിത ആർട്സ് ആൻഡ് സയൻസ് കോളജ് കെട്ടിട നിർമാണം: സാങ്കേതിക അനുമതി ഉടൻ ലഭ്യമാക്കും
text_fieldsമലപ്പുറം ഗവ. വനിത കോളജ് വികസനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസമന്ത്രി
ഡോ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ നിയമസഭ ചേംബറിൽ ചേർന്ന യോഗം
മലപ്പുറം: മലപ്പുറം ഗവ.വനിത കോളജിന് കിഫ്ബി ഫണ്ടിൽനിന്ന, അനുവദിച്ച 13.85 കോടി രൂപയുടെ റിവൈസ്ഡ് എസ്റ്റിമേറ്റിന് അടുത്ത ആഴ്ചയിലെ ബോർഡ് യോഗത്തിൽ അംഗീകാരം നൽകാനും ഈ മാസം അവസാനത്തോടെ എസ്.പി.വി ആയ കിറ്റ്കോ സാങ്കേതിക അനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ സ്വീകരിക്കാനും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ ബുധനാഴ്ച നിയമസഭ ചേംബറിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. സർക്കാർ നിയോഗിച്ച എസ്.പി.വിയായ കിറ്റ്കോയുടെ ടെക്നിക്കൽ കമ്മിറ്റി ഇതുവരെ സാങ്കേതിക അനുമതി നല്കാത്തതുമൂലം കെട്ടിട നിർമാണ ടെൻഡര്‍ നടപടി അനന്തമായി നീളുന്ന സാഹചര്യത്തിൽ പി. ഉബൈദുല്ല എം.എൽ.എയുടെ പ്രത്യേക അഭ്യർഥന പ്രകാരമാണ് മന്ത്രി യോഗം വിളിച്ചു ചേർത്തത്.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അക്കാദമിക് ബ്ലോക്കിെന്റയും കാന്റീൻ ബ്ലോക്കിെന്റയും നിർമാണ പ്രവൃത്തിക്കാവശ്യമായ വിശദ പദ്ധതി രേഖയും മാതൃകയും തയാറാക്കി കിറ്റ്കോ സമർപ്പിച്ചിരുന്നു. നവംബറിലെ ഉത്തരവു പ്രകാരം 13,85,57,303 രൂപയുടെ ധനാനുമതി നൽകിയിരുന്നു. കെട്ടിടങ്ങളുടെ ആകെ വിസ്തീർണം കൂടുതലായതിനാൽ കിഫ്ബി പുറപ്പെടുവിച്ച 2020 ഡിസംബറിലെ ഉത്തരവ് പ്രകാരം ചട്ടങ്ങൾക്കനുസൃതമായ രേഖകൾ റിപ്പോർട്ടിൽ ലഭ്യമല്ലാത്തതിനാൽ കിഫ്ബി ബോർഡ് അംഗീകാരം ലഭിച്ചില്ല. നിലവിൽ എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 2.30 കോടി രൂപയുടെ കെട്ടിട നിർമാണപ്രവൃത്തി പുരോഗമിച്ചുവരുകയാണ്. യോഗത്തിൽ പി. ഉബൈദുല്ല എം.എൽ.എ, ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി. ഷാനവാസ്, അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പൻ, കിഫ്ബി ജനറൽ മാനേജർ ഷീല, കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെ. ഡയറക്ടർ സുനിൽ ജോൺ, പ്ലാനിങ് വിഭാഗം സൂപ്രണ്ട് മിത്ര എന്നിവർ പങ്കെടുത്തു.
കോളജ് വാടകക്കെട്ടിടത്തിൽ
മലപ്പുറം: മലപ്പുറം ഗവ.വനിത ആർട്സ് ആൻഡ് സയൻസ് 2015-16 അധ്യയന വർഷത്തിൽ ആരംഭിച്ചുവെങ്കിലും ഇപ്പോഴും മലപ്പുറം കാവുങ്ങലിലുള്ള വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ ബി.എ ഇംഗ്ലീഷ്, ബി.എ ഇസ്ലാമിക് ഹിസ്റ്ററി, ബി.എസ് സി ബോട്ടണി, ബി.എസ് സി കെമിസ്ട്രി, എം.എസ് സി ബോട്ടണി കോഴ്സുകളിലായി 450 കുട്ടികൾ പഠിക്കുന്നുണ്ട്.
കോളജിന് സ്ഥിരം കെട്ടിടം നിർമിക്കുന്നതിന് വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കാരത്തോട് ഇൻകെൽ എജുസിറ്റിയിൽ അഞ്ച് ഏക്കർ ഭൂമി അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിട്ട് ആറുവർഷം പിന്നിട്ടു. സ്വന്തം കെട്ടിടവും സൗകര്യങ്ങളുമില്ലാതെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ പ്രയാസപ്പെടുന്ന സാഹചര്യമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

