പാർടി പരാജയപ്പെടുത്താൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അടക്കമുള്ളവർ ശ്രമിച്ചെന്ന് ശബ്ദസന്ദേശം
text_fieldsവണ്ടൂർ: സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ശ്രമിച്ചതായുള്ള ശബ്ദസന്ദേശം പുറത്ത്. വണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽനിന്ന് ഏഴ് വോട്ടിന് വിജയിച്ച ഡി.സി.സി ജനറൽ സെക്രട്ടറി സി.കെ. മുബാറക്കിെൻറ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ഇദ്ദേഹം കഴിഞ്ഞ ശനിയാഴ്ച കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഒമ്പതാം വാർഡ് ഇലക്ഷൻ പ്രോഗ്രാം എന്ന വാട്സ്ആപ് ഗ്രൂപ്പിലേക്കാണ് എട്ട് മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ ക്ലിപ് അയച്ചത്.
മണ്ഡലം നേതൃത്വം ചില ആളുകളെ തനിക്കെതിരെ ഉപയോഗിച്ചതായും ഇതേ അവസ്ഥയാണ് ബീന സുരേഷിന് സംഭവിച്ചതെന്നുമാണ് തുറന്നുപറച്ചിൽ. ഇതോടെ മണ്ഡലം പ്രസിഡൻറിനെ പുറത്താക്കണമെന്ന ആവശ്യം എ.പി. അനിൽ കുമാർ എം.എൽ.എയുടെ മുന്നിലെത്തിയിട്ടുണ്ട്. അദ്ദേഹം അനുകൂല നിലപാട് എടുക്കുമെന്ന പ്രതീക്ഷയിലാണ് മറ്റു ഭാരവാഹികളും പ്രവർത്തകരും.
മണ്ഡലം പ്രസിഡൻറ് തുടരുന്ന സ്ഥിതി വരുകയാണെങ്കിൽ കൂട്ടരാജിയിലേക്ക് കാര്യങ്ങൾ എത്തുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. നേരത്തേ ഇതേ ആരോപണം ഉന്നയിച്ച് വാർഡ് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. ഇതാണ് മണ്ഡലം കമ്മിറ്റിയിലേക്കും വ്യാപിച്ചത്.