വണ്ടൂർ: തെരഞ്ഞെടുപ്പ് അങ്കം മുറുകുമ്പോൾ അവസാന ഘട്ട പ്രചാരണത്തിന് ചൂടും ആവേശവുമായി പോരൂർ മോഡൽ വോട്ടുയന്ത്രങ്ങൾ ഇത്തവണയും റെഡിയാണ്. വോട്ടർമാർക്ക് വോട്ടുയന്ത്രം, വോട്ട് ചെയ്യേണ്ട രീതി എന്നിവ പരിചയപ്പെടുത്താനാണ് പോരൂർ കോട്ടക്കുന്ന് സ്വദേശികളായ പുലത്ത് ഇസ്ഹാഖും ഹമീദ് മുട്ടുപാറയും ഇത്തരം ഉദ്യമം ആരംഭിച്ചത്. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ മാതൃക യന്ത്രങ്ങളുടെ നിർമാണവും ആരംഭിക്കും.
ബാലറ്റ് പേപ്പർ വോട്ടിങ്ങിൽനിന്ന് മാറി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചത് മുതൽ ഇത്തരത്തിൽ മാതൃക വോട്ടുയന്ത്രങ്ങൾ ആദ്യമായി നിർമിച്ചതും ഇങ്ങനെ ഒരു ആശയം ആദ്യമായി മുന്നോട്ടുവെച്ചതും ഇവരാണ്. പിന്നീട് മാറി മാറി വന്ന തദ്ദേശ തെരഞ്ഞെടുപ്പുകൾക്കും നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾക്കും ഉപതെരഞ്ഞെടുപ്പുകൾക്കും വരെ ഇവരെ തേടിയെത്തുന്നവർ നിരവധിയായി.
സാംസ്ഥാനത്തെ വിവിധ ജില്ലകളിലേക്കും നഗരസഭകളിലേക്കും പഞ്ചായത്തുകളിലേക്കുമായി രണ്ടായിരത്തോളം മാതൃകകളാണ് ഇത്തവണ ഇവിടെ തയാറാക്കിയത്. നിശ്ശബ്ദ പ്രചാരണ ദിവസം സ്ക്വാഡ് വർക്കുകളിൽ ഇനി ഈ മാതൃക വോട്ടുയന്ത്രവും ഉണ്ടാകും.
യഥാർഥ വോട്ടുയന്ത്രത്തിന് സമാനമായി സ്ഥാനാർഥിയുടെ ക്രമ നമ്പറിന് നേരെ പേരും ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും. അതിന് നേരെയുള്ള ബട്ടണിൽ വിരൽ അമർത്തിയാൽ പ്രകാശത്തോടെ ബീപ്പ് ശബ്ദം കേൾക്കും. അത് ഒരു വോട്ടായി രേഖപ്പെടുത്തും. ഓരോ തവണയും കന്നി വോട്ടർമാർ ഏറെയുണ്ടാകുന്നതിനാലാണ് രാഷ്ട്രീയ പാർട്ടികൾ മാതൃക വോട്ടുയന്ത്രങ്ങൾ ആശ്രയിക്കുന്നത്.