മരുന്ന് നൽകാൻ ആളില്ല; താലൂക്ക് ആശുപത്രിയിൽ പൂരത്തിരക്ക്
text_fieldsവണ്ടൂർ താലൂക്ക് ആശുപത്രിയിൽ മരുന്ന് വാങ്ങാനെത്തിയവരുടെ തിരക്ക്
വണ്ടൂർ: ഒരിടത്ത് ആരോഗ്യവകുപ്പിന്റെ നേട്ടങ്ങൾ കാട്ടിയുള്ള പരസ്യം. തൊട്ടടുത്തായി ഫാർമസിയിൽ മരുന്നിനായി രോഗികളുടെ പ്രതിഷേധം. അതിരാവിലെ എത്തി ഡോക്ടറെ കണ്ട് ഫാർമസിയിൽ എത്തിയവരാണ് ജീവനക്കാരുടെ കുറവിൽ ദുരിതത്തിലായത്. വണ്ടൂർ താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ ചൊവ്വാഴ്ച ഉള്ളത് ഒരു ജീവനക്കാരി മാത്രം.
ഇതോടെ നൂറുകണക്കിന് രോഗികളാണ് പ്രയാസത്തിലായത്. വൈകീട്ട് നാലരയോടെ വണ്ടൂർ താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നുള്ള കാഴ്ചകൾ ആണിത്. പരിരക്ഷ പദ്ധതിയിൽ ഉൾപ്പെട്ട ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട് രാവിലെ തന്നെ എത്തി ഡോക്ടറെ കണ്ടവരാണ് അധികവും.
ഇവർക്ക് ടോക്കൺ നൽകിയാണ് മരുന്നു വിതരണം. എന്നാൽ, മരുന്നുനൽകാൻ ഫാർമസിയിൽ ഉള്ളതാകട്ടെ ഒരു ജീവനക്കാരി മാത്രം. ഇതാണ് പ്രതിഷേധത്തിന് കാരണം. ഇതേസമയം തൊട്ടടുത്തായി ആരോഗ്യവകുപ്പിന്റെ നേട്ടങ്ങൾ ഒരു വണ്ടിയിൽ എൽ.ഇ.ഡി സ്ക്രീനിൽ പ്രദർശിപ്പിക്കുന്നുണ്ട്. നിലവിൽ എട്ടുപേരുണ്ട് ഫാർമസിയിൽ. ഒരാൾ അവധിയിലാണ്, മറ്റൊരാൾക്ക് ട്രെയിനിങ്, അങ്ങനെ പല കാരണങ്ങളാണ് അധികൃതർ പറയുന്നത്. പ്രതിഷേധങ്ങൾക്ക് ഒടുവിൽ ചൊവ്വാഴ്ച എത്തിയ എല്ലാവർക്കും ബുധനാഴ്ച കൃത്യമായി മരുന്ന് നൽകും എന്ന് വിശദീകരണമാണ് അധികൃതർ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

