ജില്ല സ്കൂൾ കലോത്സവം; കേളികൊട്ടിന് തിരശ്ശീല
text_fieldsഎച്ച്.എസ് വിഭാഗം പണിയനൃത്തം ഒന്നാംസ്ഥാനം (വേങ്ങര കുറുക ജി.എച്ച്.എസ്.എസ്)
വണ്ടൂർ: അഞ്ച് രാപ്പകലുകളായി വർണ വര, നാട്യനടന താളമേള വിസ്മയങ്ങൾ പെയ്തിറങ്ങിയ കൗമാര പ്രതിഭകളുടെ കേളികൊട്ടിന് തിരശ്ശീല. വി.എം.സിയിലും ഗേൾസ് സ്കൂളിലുമായി നടന്ന കലാപൂരം കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. എല്ലാ ഇനങ്ങളിലും ഇഞ്ചോടിച്ച് മത്സരമായിരുന്നു. ചിലർ വീണപ്പോൾ മറ്റുചിലർ വിജയശ്രീലാളിതരായി സംസ്ഥാന കലോത്സവം നടക്കുന്ന തൃശൂരിലേക്ക് ടിക്കറ്റെടുത്തു.
ആദ്യദിനം വൈകീട്ടോടെ എത്തിയ മഴ മത്സരക്രമത്തിന്റെ താളം തെറ്റിച്ചു. പല മത്സരങ്ങളും അടുത്ത ദിവസങ്ങളിലേക്കായി മാറ്റി. അവസാന ദിവസമായ ശനിയാഴ്ചയും പുനഃക്രമീകരിച്ച പ്രകാരമായിരുന്നു ഇനങ്ങൾ വേദിയിൽ അരങ്ങേറിയത്. വേദികൾ മാറിയതോടെ ശനിയാഴ്ച രാത്രി ഏറെ വൈകിയും മത്സരങ്ങൾ നടന്നു. അവസാന ഫലം ലഭിക്കുമ്പോൾ നാല് ഇനങ്ങള്‍ അവസാനിക്കാനിരിക്കെ 383 പോയന്റ് നേടി മങ്കട ഉപജില്ലയാണ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്.
360 പോയന്റ് നേടി നിലമ്പൂര്‍ രണ്ടാം സ്ഥാനത്തും തുടരുന്നു. എച്ച്.എസ്.എസ് വിഭാഗത്തില്‍ 389 പോയന്റ് നേടി മലപ്പുറം ഉപജില്ല ചാമ്പ്യന്മാരായി. 387 പോയന്റ് നേടി മങ്കട രണ്ടാംസ്ഥാനവും 375 പോയന്റ് നേടി നിലമ്പൂർ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
കന്നിയങ്കത്തിൽ കപ്പടിച്ച് ആദിദേവ്
വണ്ടൂർ: കന്നട പദ്യം ചൊല്ലാൻ പറഞ്ഞത് ഫെബി ടീച്ചർ. പരിശീലിപ്പിച്ചത് അധ്യാപികയായ അമ്മ സ്നുപ. ഫലപ്രഖ്യാപനം വന്നപ്പോൾ യു.പി വിഭാഗത്തിൽ ഒന്നാമനായി ആദിദേവ്. പടിഞ്ഞാറ്റുമുറി ജി.എൽ.പി.എസ് അഞ്ചാം തരം വിദ്യാർഥിയാണ് മിടുക്കൻ. പദ്യം ചൊല്ലലിലെ ചെറിയ തെറ്റുകളും പാടേണ്ട രീതിയും ഫെബി ടീച്ചർ പകർന്നുനൽകി.
വീട്ടിൽ എത്തിയാൽ മുഴുവൻ സമയ പരിശീലനവും നൽകിയത് അമ്മയായിരുന്നു. ഇരുവരും ജി.യു.പിയിലെ അധ്യാപകരാണ്. ഉപജില്ലയിൽ കന്നടപദ്യത്തിന് പുറമെ കവിത, ലളിതഗാനം മത്സരത്തിലും പങ്കെടുത്തിരുന്നു. അരുണിന്റെ കീഴിൽ രണ്ടാം ക്ലാസ് മുതൽ ശാസ്ത്രീയ സംഗീതം പഠിക്കുന്നുണ്ട്. തിളക്കമാർന്ന വിജയത്തിന് നന്ദി അറിയിക്കാൻകൂടിയായി പിതാവ് വിനീഷിനൊപ്പം ഒന്നാം തീയതി ആദിദേവ് ശബരിമല കയറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

