വണ്ടൂർ: തിരുവാലി പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർഥികൾ അൽപം വ്യത്യസ്തമായി കുതിരവണ്ടിയിലെത്തിയാണ് വോട്ടർമാരെ കാണുന്നത്.
കർഷക സമരത്തിനുള്ള ഐക്യദാർഢ്യത്തിനൊപ്പം ദിനേന വർധിക്കുന്ന ഇന്ധന വിലക്കെതിരെയുള്ള പ്രതിഷേധവും കൂടി കണക്കിലെടുത്താണ് പുതിയ കുതിര സവാരി. മാസങ്ങൾക്കിപ്പുറം നാസിക് ഡോളിെൻറ ശബ്ദം കേട്ട നാട്ടുകാർക്കും വേറിട്ട പ്രചാരണം കൗതുകമായി. പതിമൂന്നാം വാർഡിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി സി.കെ. ജയദേവാണ് വേറിട്ട പ്രചാരണത്തിന് കുതിരവണ്ടി ഒരുക്കിയത്.
പത്തിരിയാൽ പ്രവാസി കോൺഗ്രസാണ് പ്രചാരണത്തിന് പാലക്കാട്ടുനിന്ന് കുതിരവണ്ടി തിരുവാലിയിലെത്തിച്ചത്. അനൗൺസ്മെൻറ് വാഹനത്തെ അപേക്ഷിച്ച് ചെലവ് പകുതി മതി. കൂടാതെ ചെല്ലുന്നിടത്തെല്ലാം സ്ത്രീകളും കുട്ടികളും കൂടും. 13, 14, 15, 16 വാർഡുകളിലാണ് ഈ വേറിട്ട പ്രചാരണം കൊഴുക്കുന്നത്.