വണ്ടൂർ: കുളത്തിൽ വീണ പിഞ്ചുകുഞ്ഞിന് പിതൃസഹോദരനും നാട്ടുകാരും രക്ഷകരായി. ചാത്തങ്ങോട്ടുപുറം എരഞ്ഞിക്കുന്ന് പള്ളിക്കുളത്തിൽ വീണ രണ്ടര വയസ്സുകാരനെയാണ് പിതൃസഹോദരനും നാട്ടുകാരും ചേർന്ന് രക്ഷിച്ചത്. എരഞ്ഞികുന്നിലെ ചാത്തങ്ങോട്ടുപുറം പഴയ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന കരുമാരോട്ടിൽ അബ്ദുൽ ഹമീദ്-അനീസ ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവനായ അഫ്ഷിനാണ് അപകടത്തിൽപെട്ടത്. വ്യാഴാഴ്ച ഉച്ചക്ക് 1.30ഓടെയാണ് സംഭവം. വീട്ടുകാരറിയാതെ രണ്ടര വയസ്സുകാരനായ അഫ്ഷിനും സമപ്രായക്കാരനും അബ്ദുൽ ഹമീദിെൻറ സഹോദര പുത്രനുമായ മുഹമ്മദ് അഹ്സനും 40 മീറ്റർ അകലെയുള്ള പള്ളിക്കുളത്തിൽ എത്തുകയായിരുന്നു.
പടവുകൾ ഇറങ്ങി അഷ്ഫിൻ പള്ളിക്കുളത്തിൽ ഇറങ്ങിയതോടെ കൂട്ടുകാരനായ മുഹമ്മദ് അഹ്സൻ പരിഭ്രാന്തനായി വീട്ടിലെത്തിയതാണ് തുണയായത്. കൂട്ടുകാരനെ തിരക്കിയപ്പോൾ കുളത്തിലാണെന്നും പറഞ്ഞു. ഈ സമയത്ത് പിതൃസഹോദരനായ ഇസ്മായിൽ എത്തിയാണ് വെള്ളത്തിൽ താഴ്ന്ന കുട്ടിയെ രക്ഷിച്ചത്. കുട്ടി ബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു.
ഈ സമയത്ത് പ്രദേശത്തെത്തിയ അയൽവാസികളായ കോഴിക്കോടൻ നിഷാദ്, വിളയപൊയിലൻ ഷിഹാബ് എന്നിവരും അതുവഴി ജോലിക്ക് പോവുകയായിരുന്ന പോരൂർ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനായ തെക്കൻ ജുനൈദും പ്രഥമ ശുശ്രൂഷ നൽകുകയായിരുന്നു.
ചലനമറ്റ നിലയിലായിരുന്ന കുട്ടിക്ക് കൃത്രിമശ്വാസം നൽകി ജുനൈദിെൻറ ബൈക്കിലാണ് ആദ്യം വണ്ടൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അപകടനില തരണം ചെയ്ത കുട്ടിയെ മികച്ച ചികിത്സക്ക് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി ഒരുദിവസത്തെ നിരീക്ഷണത്തിനുശേഷം വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്തു.