വീട്ടമ്മയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നു: സി.പി.ഐ പ്രാദേശിക നേതാവടക്കം മൂന്നുപേർ പിടിയിൽ
text_fieldsനിഖിൽ, ജിജേഷ്, നിധിൻ
വണ്ടൂർ: തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ച് രണ്ട് പവനോളം വരുന്ന രണ്ട് വളകൾ മുറിച്ചെടുത്ത സംഭവത്തിൽ സി.പി.ഐ പ്രാദേശിക നേതാവുൾപ്പെടെ മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടൂർ അമ്പലപ്പടി സ്വദേശി പാലാംപറമ്പത്ത് നിധിൻ (30), സഹോദരൻ നിഖിൽ (28) ഇവരുടെ സഹോദരീ ഭർത്താവും കവർച്ചയുടെ സൂത്രധാരനുമായ അമ്പലപ്പടി സ്വദേശി പടിഞ്ഞാറേ മണ്ടാവിൽ ജിജേഷ് (39) എന്നിവരെയാണ് സി.ഐ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
സി.പി.ഐ അമ്പലപ്പടി ബ്രാഞ്ച് സെക്രട്ടറിയും എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറിയുമാണ് ജിജേഷ്. ജിജേഷിനെ പാർട്ടിയിൽനിന്നും വർഗ- ബഹുജന സംഘടനയിൽ നിന്നും പുറത്താക്കിയതായി സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മുരളി അറിയിച്ചു. ഡിസംബർ 22 നായിരുന്നു സംഭവം. അമ്പലപ്പടി ബൈപാസിലെ പരേതനായ വിമുക്തഭടൻ പാലക്കത്തോട്ടിൽ വിജയകുമാറിന്റെ ഭാര്യ കെ. ചന്ദ്രമതിയുടെ (63) ആഭരണങ്ങളാണ് പ്രതികൾ കവർന്നത്.
ജില്ല പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നിലമ്പൂർ ഡിവൈ.എസ്.പി സാജു. കെ. അബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ഓട്ടോ ഡ്രൈവറായ ജിജേഷ് തന്റെ കടബാധ്യതകൾ തീർക്കാനാണ് കവർച്ച ആസൂത്രണം ചെയ്തത്. ചന്ദ്രമതി തനിച്ച് താമസിക്കുകയാണെന്ന് മനസ്സിലാക്കിയ ജിജേഷ്, എറണാകുളത്ത് ജോലി ചെയ്തിരുന്ന നിഖിലിനെ ഇതിനായി നാട്ടിലേക്ക് വിളിച്ചുവരുത്തി.
രാത്രി എട്ടോടെ മൂവരും ബാറിലെത്തി മദ്യപിച്ച ശേഷം ചന്ദ്രമതിയുടെ വീട്ടിലെത്തി. തട്ടുന്ന ശബ്ദം കേട്ട് വാതിൽ തുറന്ന ചന്ദ്രമതിയുടെ വായും മൂക്കും ജിജേഷ് പൊത്തിപ്പിടിച്ചു. നിതിൻ കട്ടർ ഉപയോഗിച്ച് വളകൾ മുറിച്ചെടുത്തു. തിരിച്ചറിയാതിരിക്കാൻ മൂവരും മങ്കി ക്യാപ്പ് ധരിച്ചിരുന്നു.
തെളിവ് നശിപ്പിക്കാൻ മുളകുപൊടി വിതറി. പ്രതികൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. 30 ഓളം സി.സി.ടി.വി കാമറകൾ പരിശോധിച്ചും പ്രദേശവാസികളിൽ സംശയമുള്ളവരെ ചോദ്യം ചെയ്തും പൊലീസ് പഴുതടച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.
ജിജേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. നിഖിലിനെ കഴിഞ്ഞ ദിവസം രാത്രി എറണാകുളത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്.
എസ്.ഐ മാരായ ഒ. വാസുദേവൻ, വി.കെ. പ്രദീപ്, സീനിയർ സി.പി.ഒ മാരായ കെ. മുഹമ്മദ് ഷിഫിൻ, കെ. റിയാസ്, സി.എം. മഹേഷ്, ടി. സജീഷ്, സ്ക്വാഡ് അംഗങ്ങളായ സുനിൽ മമ്പാട്, ആശിഫ് അലി, ജിയോ ജേക്കബ്, കെ. സജീഷ്, കൃഷ്ണദാസ്, സാബിർ അലി, സി.കെ. സജേഷ്, ടി. നിബിൻദാസ്, അഭിലാഷ് കൈപ്പിനി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

