Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വള്ളിക്കുന്ന് മണ്ഡലം വികസനം; പരപ്പാൽ ബീച്ചിൽ കടൽഭിത്തി ബലപ്പെടുത്തും

text_fields
bookmark_border
ദേശീയപാത നടപ്പാതയിലെ അശാസ്ത്രീയത പരിഹരിക്കാനും തീരുമാനം
വള്ളിക്കുന്ന് മണ്ഡലം വികസനം; പരപ്പാൽ ബീച്ചിൽ കടൽഭിത്തി ബലപ്പെടുത്തും
cancel
camera_alt

വള്ളിക്കുന്ന് മണ്ഡലത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പുരോഗതി വിലയിരുത്താൻ ജില്ല കലക്ടറുടെ ചേംബറിൽ ടി.വി. ഇബ്രാഹിം എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗം

വള്ളിക്കുന്ന്: മണ്ഡലത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് തീരദേശ മേഖലയിലും ദേശീയപാതയിലും നിലനിൽക്കുന്ന വിവിധ വിഷയങ്ങളിലെ പുരോഗതി വിലയിരുത്താൻ ജില്ല കലക്ടറുടെ ചേംബറിൽ ടി.വി. ഇബ്രാഹീം എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ യോഗം വിശദമായി വിലയിരുത്തി. അടിയന്തരമായി നടപ്പാക്കേണ്ട തുടർനടപടികൾക്ക് ആക്ഷൻ പ്ലാൻ തയാറാക്കാൻ തീരുമാനം കൈക്കൊണ്ടു.

വള്ളിക്കുന്ന് പഞ്ചായത്തിലെ പരപ്പാൽ ബീച്ചിൽ കടൽക്ഷോഭം തടയാനായി നിലവിലെ കടൽഭിത്തി ബലപ്പെടുത്താൻ തീരുമാനിച്ചു. 2018ലെ പ്രളയത്തിൽ തകർന്ന പരപ്പാൽ ബീച്ചിലെ ടിപ്പു സുൽത്താൻ റോഡ് പുനർനിർമിക്കുന്നതിനുള്ള രൂപരേഖ തയാറാക്കാൻ പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിനും നിർദേശം നൽകി. മുദിയംപാലം നിർമിക്കുന്നതിനുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും സ്ഥലമെടുപ്പിന് അനുമതിയായിട്ടുണ്ടെങ്കിലും കടലിനോട് ചേർന്ന പ്രദേശമായതിനാൽ പരിസ്ഥിതി അനുമതി കൂടി ആവശ്യമായി വരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന ഇരട്ടവീടുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ അവ ഒറ്റവീടുകളാക്കി പുനർനിർമിക്കാനുള്ള സാധ്യത ഫിഷറീസ് വകുപ്പ് പരിശോധിക്കും.

ദേശീയപാതയിൽ നിർമിച്ച നടപ്പാതകളിലെ അശാസ്ത്രീയതകൾ പരിഹരിക്കാൻ നടപടി വേഗത്തിലാക്കും. കടകളിലേക്ക് വാഹനങ്ങൾ എത്തിച്ചേരാൻ വഴിയില്ലാത്തതും, ആവശ്യത്തിന് പ്രവേശനമാർഗം നൽകാതെ നടപ്പാത നിർമിച്ചതുമൂലം വ്യാപാരികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനും നടപടി ആരംഭിച്ചതായി യോഗം വിലയിരുത്തി. ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്തവിധം ഉയരത്തിൽ നിർമിച്ച ഫുട്പാത്തുകളിൽ റാമ്പുകൾ നിർമിക്കാൻ നിർദേശം നൽകി.

മുന്നിയൂരിലെ നടപ്പാലം നിർമാണത്തിനുള്ള തടസ്സങ്ങൾ നീക്കി പ്രവർത്തനം ആരംഭിക്കാനായി പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയറും നാഷനൽ ഹൈവേ ഡെപ്യൂട്ടി കലക്ടറും സംയുക്ത റിപ്പോർട്ട് തയാറാക്കി പദ്ധതി നടപ്പാക്കും. ചേളാരിയിലെയും കാക്കഞ്ചേരിയിലെയും ജങ്ഷനുകൾ നവീകരിക്കുന്നതിനായി ദേശീയപാത അതോറിറ്റിയും സംസ്ഥാന സർക്കാരും ചേർന്ന് സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ നടപടികൾ വേഗത്തിലാക്കും.

ചാലിയാറിൽനിന്ന് മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന എം.സി.വി.ടി പദ്ധതിക്ക് പള്ളിക്കൽ പഞ്ചായത്തിൽ നിലനിൽക്കുന്ന തടസ്സങ്ങൾ പരിഹരിക്കാൻ പള്ളിക്കലിൽ പ്രത്യേക യോഗം വിളിക്കും. യോഗത്തിൽ ടി.വി. ഇബ്രാഹിം എം.എൽ.എ, ജില്ല കലക്ടർ ഡോ. വിനയ് ഗോയൽ, ഡെപ്യൂട്ടി കലക്ടർ സനീറ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇർഷാദ് അരിയല്ലൂർ (വള്ളിക്കുന്ന്), സാബിറ (പള്ളിക്കൽ), ഫിഷറീസ്, ഹാർബർ എഞ്ചിനിയറിംഗ്, പൊതുമരാമത്ത്, കെ.ആർ.എഫ്.ബി, ഇറിഗേഷൻ, ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ, എൽ.എസ്.ജി.ഡി ജോയന്റ് ഡയറക്ടർ, ജില്ല ടൗൺ പ്ലാനർ, തഹസിൽദാർമാർ ഉൾപ്പെടെയുള്ള ജില്ലയിലെ വിവിധ വകുപ്പ് മേധാവികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vallikunnu Mandal Development; Sea wall to be strengthened at Parappal Beach
Next Story