അണ്ടർ പാസ് റെഡി; വേണ്ടത് റെയിൽവേയുടെ അനുമതിയും അപ്രോച്ച് റോഡും
text_fieldsവള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്തിലെ തടിയൻ പറമ്പിലേക്ക് ഗതാഗത യോഗ്യമക്കണമെന്ന നാട്ടുകാർ ആവശ്യപ്പെടുന്ന റെയിൽവേ ഓവുപാലം
വള്ളിക്കുന്ന്: ഒറ്റപ്പെട്ട് കിടക്കുന്ന വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ തടിയൻ പറമ്പ് കോളനിയിലേക്ക് മിനിബസുകൾ ഉൾപ്പെടെ കടന്നു പോവാൻ പാകത്തിലുള്ള റെയിൽവേ അണ്ടർ ബ്രിഡ്ജ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. ഗ്രാമപഞ്ചായത്തിലെ അരിയല്ലൂർ വില്ലേജിൽ പെട്ട തടിയംപറമ്പ്-ചേമ്പിലകൊടി റെയിൽവേ ഓവുപാലമാണ് അനുബന്ധ റോഡുകൾ ഇല്ലാത്തതിനാലും റെയിൽവേയുടെ അനുമതി ഇല്ലാത്തതിനാലും ഉപയോഗമില്ലാതെ കിടക്കുന്നത്.
പരപ്പനങ്ങാടി-കടലുണ്ടി റോഡിലെ ഉഷാ നഴ്സറിയിൽ നിന്നാരംഭിക്കുന്ന റോഡ് റെയിലിെൻറ പടിഞ്ഞാറ് ഭാഗത്തും ചേളാരി-ചെട്ടിപ്പടി റോഡിലെ കൂട്ടുമുച്ചിയിൽ നിന്നാരംഭിക്കുന്ന റോഡ് റെയിലിെൻറ കിഴക്ക് ഭാഗത്തും എത്തി നിൽക്കുകയാണ്. ആകെ വേണ്ടത് ഇരുഭാഗത്തും റെയിൽവേക്ക് സമാന്തരമായി 100 മീറ്ററിൽ കുറഞ്ഞ ദൂരത്തിലുള്ള റോഡ് മാത്രമാണ്. ഭൂമി നിരപ്പിൽനിന്ന് ഏറെ ഉയരത്തിലാണ് റെയിൽവേ ലൈനുകൾ കടന്നു പോവുന്നത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ നാട്ടുകാർ ഇരട്ടപ്പാത മുറിച്ചു കടക്കാൻ ഏറെ പ്രയാസപ്പെടുകയാണ്.
പരപ്പനങ്ങാടി, അരിയല്ലൂർ എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളെയാണ് പ്രധാനമായും ഇവർ ആശ്രയിക്കുന്നത്. ഒട്ടുമിക്ക ആളുകളും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഉള്ളവരാണ്. പ്രധാന റോഡിലേക്ക് എത്താൻ നിലവിൽ കിലോമീറ്ററുകളോളം ചുറ്റിക്കറങ്ങി വരേണ്ട അവസ്ഥയിലാണ്. രോഗികൾ, പ്രായമായവർ എന്നിവരെ ആശുപത്രികളിലേക്കും മറ്റും എത്തിക്കാനും കിലോമീറ്റർ ചുറ്റി കറങ്ങേണ്ടതിനാൽ പണച്ചെലവും കൂടും. ഓവുപാലം ഗതാഗത യോഗ്യമാക്കുന്ന കാര്യത്തിനായി നാളിതുവരെയായിട്ടും നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.