വള്ളിക്കുന്നിൽ കരുത്തുകൂട്ടി യു.ഡി.എഫ്
text_fieldsവള്ളിക്കുന്ന്: നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ശക്തമാണെന്ന് തെളിയിക്കുന്ന രീതിയിലാണ് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കുന്നതിനുള്ള സംഘടനാ സംവിധാനമാണ് യു.ഡി.എഫ് ഒരുക്കിവെച്ചത്. വള്ളിക്കുന്ന്, ചേലേമ്പ്ര, തേഞ്ഞിപ്പലം,പെരുവള്ളൂർ, മൂന്നിയൂർ, പള്ളിക്കൽ എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലമാണ് വള്ളിക്കുന്ന്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പഞ്ചായത്തുകളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ 30,000ൽപരം വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിന് നേടാനായത്.
വള്ളിക്കുന്ന് പഞ്ചായത്തിൽ യു.ഡി.എഫ് ഭൂരിപക്ഷം 3875 ഉം ചേലേമ്പ്രയിൽ 5135ഉംതേഞ്ഞിപ്പലത്ത് 3260 ഉം പെരുവള്ളൂരിൽ 7432 ഉം ആണ് ലീഡ്. മൂന്നിയൂരിലും യു.ഡി.എഫിന് ശക്തമായ ഭൂരിപക്ഷമാണ് നൽകിയത്. ചേലേമ്പ്ര യിലും തേഞ്ഞിപ്പലത്തും മുസ്‍ലിം ലീഗ് മത്സരിച്ച മുഴുവൻ വാർഡിലും വിജയം നേടിയത് ചരിത്ര നേട്ടമായി. ചേലേമ്പ്രയിൽ രണ്ടാം തവണയും യു.ഡി.എഫ് അധികാരത്തിലെത്താനായതും നേട്ടമാണ്. തേഞ്ഞിപ്പലത്തും വീണ്ടും യു.ഡി.എഫിന് അധികാരത്തിലെത്താനായി. ചേലേമ്പ്രയിൽ നാല് കോൺഗ്രസ് പ്രതിനിധികളും ഒരു കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് സ്ഥാനാർഥിയും ജയിച്ചു കയറി.
വർഷങ്ങളോളമായി സി.പി.എം കുത്തകയാക്കിയിരുന്ന രണ്ടാം വാർഡാണ് കേരള കോൺഗ്രസ് പിടിച്ചെടുത്തത്. തേഞ്ഞിപ്പലത്ത് കോൺഗ്രസ് മത്സരിച്ച എട്ടിൽ ആറ് സീറ്റിലും വിജയം നേടി. ചേലേമ്പ്ര, പള്ളിക്കൽ, തേഞ്ഞിപ്പലം പഞ്ചായത്തുകളിൽ ഇടത് മുന്നണി രണ്ട് സീറ്റുകളിൽ ഒതുങ്ങി. പെരുവള്ളൂരിൽ ഇടതിന് ഒരു സീറ്റുപോലുമില്ല. മൂന്നിയൂരിൽ മത്സരിച്ച ഒരു സ്വതന്ത്രൻ ഉൾപ്പെടെ 19ൽ 17 ഉം മുസ്‍ലിം ലീഗ് വിജയിച്ചു. മൂന്നിയൂരിൽ നാല് സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇടതിൽനിന്ന് യു.ഡി.എഫ് ഭരണം തിരിച്ച് പിടിച്ച വള്ളിക്കുന്ന് പഞ്ചായത്തിൽ ഇടത് മുന്നണി ഒമ്പത് സീറ്റിൽ ഒതുങ്ങി.
വള്ളിക്കുന്ന് പഞ്ചായത്തിൽ ലീഗ് മത്സരിച്ച 11 ൽ എട്ട് സീറ്റിലും വിജയിക്കുകയും സി.പി.എമ്മിൽ നിന്ന് ഭരണം യു.ഡി.എഫ് തിരിച്ച് പിടിക്കുകയും ചെയ്തു. പള്ളിക്കലിൽ 18 സീറ്റിൽ മത്സരിച്ച മുസ്‍ലിം ലീഗ് 17 സീറ്റിലും വിജയം നേടി. ആറ് സീറ്റിൽ മത്സരിച്ച കോൺഗ്രസ് അഞ്ച് സീറ്റിലും വിജയം നേടിയാണ് ചരിത്രം സൃഷ്ടിച്ചത്. ബ്ലോക്ക് പഞ്ചായത്തിൽ തേഞ്ഞിപ്പലം ഡിവിഷനിൽ മുസ്‍ലിം ലീഗിന്1664 വോട്ടും യൂനിവേഴ്സിറ്റി ഡിവിഷനിൽ കോൺഗ്രസിന് 1473 വോട്ടും ഭൂരിപക്ഷം ലഭിച്ചു.
ഇടതിന് മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിൽ ആകെ ലഭിച്ചത് 19 സീറ്റ് മാത്രമാണ്. വൻ ഭൂരിപക്ഷം ലഭിച്ചതോടെ നിയമ സഭ തെരഞ്ഞെടുപ്പിൽ 2021ലെ തെരഞ്ഞെടുപ്പിനെക്കാൾ കൂടുതൽ വോട്ടുകൾ ഭൂരിപക്ഷം കിട്ടുമെന്നാണ് നേതൃത്വം അവകാശ പെടുന്നത്. 2021ലെ തെരഞ്ഞെടുപ്പിൽ ലീഗിലെ പി. അബ്ദുൽ ഹമീദിന് ലഭിച്ചത് 71,823 വോട്ടുകൾ (47.43 ശതമാനം) ആയിരുന്നു. പി. അബ്ദുൽ ഹമീദിന്റെ ഭൂരിപക്ഷം 14,116 വോട്ടുകളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

