വള്ളിക്കുന്ന് കയറാൻ ഇടത് - വലത് മുന്നണികൾ
text_fieldsവള്ളിക്കുന്നിലെ യു.ഡി.എഫ് സ്ഥാനാർഥി ടി.വി. ഇബ്രാഹിം വോട്ട് തേടുന്നു, വള്ളിക്കുന്നിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി സി.പി. മുസ്തഫ പര്യടനത്തിൽ
വള്ളിക്കുന്ന്: വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വള്ളിക്കുന്ന് മണ്ഡലത്തിൽ ഒപ്പത്തിനൊപ്പമാണ് ഇടത്- വലത് മുന്നണികൾ. 2010ൽ രൂപവത്കരിച്ച മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളിലെല്ലാം ജയിച്ചുകയറിയ ചരിത്രമാണ് യു.ഡി.എഫിന്റേത്. ഇത്തവണയെങ്കിലും മണ്ഡലത്തിൽനിന്നുള്ള ഒരാൾ വേണമെന്ന നിലപാടിലായിരുന്നു മണ്ഡലത്തിലെ ലീഗ് ഭാരവാഹികൾ. എന്നാൽ, കൊണ്ടോട്ടിയിലെ സിറ്റിങ് എം.എൽ.എ ടി.വി ഇബ്രാഹിമാണ് ഇത്തവണ യു.ഡി.എഫ് സ്ഥാനാർഥിയായത്. ആവശ്യം നിരസിക്കപ്പെട്ടതിൽ പ്രാദേശിക ലീഗ് കമ്മിറ്റികൾക്ക് അസന്തുഷ്ടി ഉണ്ടായിരുന്നെങ്കിലും പാണക്കാട് സാദിഖലി തങ്ങളുടെ പ്രഖ്യാപനത്തോടെ അവർ ഒറ്റക്കെട്ടായി കളത്തിലിറങ്ങി. 15 വർഷംകൊണ്ട് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
അഡ്വ. സി.പി. മുസ്തഫയാണ് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി. മൂന്നിയൂർ പഞ്ചായത്തിലെ വെളിമുക്ക് സ്വദേശിയായ മുസ്തഫ, 35 വർഷമായി പരപ്പനങ്ങാടി കോടതിയിൽ അഭിഭാഷകനാണ്. 1995 മുതൽ 2005 വരെ മൂന്നിയൂർ ഗ്രാമപഞ്ചായത്തംഗമായിരുന്നു. രണ്ട് വർഷം പഞ്ചായത്ത് പ്രസിഡന്റ് പദവിയും വഹിച്ചു. ഈ പരിചയമെല്ലാം വോട്ടാക്കിമാറ്റാനുറച്ചാണ് പ്രചാരണം. അട്ടിമറി വിജയം ഉണ്ടാവുമെന്നാണ് എൽ.ഡി.എഫ് പ്രവർത്തകർ പറയുന്നത്. വൈകിയാണ് പ്രഖ്യാപനം വന്നതെങ്കിലും പ്രചാരണ രംഗത്ത് സജീവമാണ് ഇടതുപാളയം. ആറ് പഞ്ചായത്തുകളിലും പ്രത്യേക സ്ക്വാഡുണ്ടാക്കി വിജയസാധ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് എൽ.ഡി.എഫ് പ്രചാരണം. എൻ.ഡി.എ സ്ഥാനാർഥി എം. പ്രേമൻ മാസ്റ്ററും സജീവമായി കളത്തിലുണ്ട്. വള്ളിക്കുന്നുകാരനായ ഇദ്ദേഹം രണ്ടാം തവണയാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്.
ടി.വി ഇബ്രാഹിം (യു.ഡി.എഫ് സ്ഥാനാർഥി)
ഇടതുപക്ഷ ഭരണത്തിൽ പൊറുതിമുട്ടിയ വള്ളിക്കുന്നിലെ ജനങ്ങളും മാറ്റം ആഗ്രഹിക്കുന്നു. വലിയ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. മണ്ഡലത്തിൽ നടന്ന വികസനം വോട്ടാകും.
അഡ്വ. സി.പി മുസ്തഫ (എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി)
മണ്ഡലം രൂപവത്കരിച്ച് 15 വർഷം കഴിഞ്ഞിട്ടും ചൂണ്ടിക്കാണിക്കാവുന്ന വികസനങ്ങളൊന്നും തന്നെയില്ല. മൂന്നാം എൽ.ഡി.എഫ് സർക്കാർ വരുന്നതിന്റെ ഭാഗമായുള്ള അനുകൂല സാഹചര്യം വോട്ടായി മാറും. നല്ല ഭൂരിപക്ഷത്തോടെ വിജയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

