കടലമ്മ പോലും കണ്ടില്ല വൃക്കരോഗിയായ ഹംസയുടെ ദുരിതം
text_fieldsകടലാക്രമണ ഭീഷണിയെ തുടർന്ന് വീട്ടിൽനിന്ന് അംഗൻവാടിയിലേക്ക് താമസം മാറ്റിയ വൃക്ക രോഗിയായ ഹംസയും ഭാര്യയും
വള്ളിക്കുന്ന്: കടലാക്രമണത്തെ തുടർന്ന് വീട് വിട്ടതോടെ വൃക്ക രോഗിയായ ഹംസയും കുടുംബവും കഴിയുന്നത് അംഗൻവാടിയിൽ. വള്ളിക്കുന്ന് അരിയല്ലൂർ പരപ്പാൽ ബീച്ചിലെ വയലിലകത്ത് ഹംസയാണ് (47) കോവിഡ് മഹാമാരി കാലത്ത് സ്വന്തം വീട്ടിൽനിന്ന് മാറി താമസിക്കേണ്ടി വന്നത്. ഭിത്തിയില്ലാത്ത അരിയല്ലൂർ പരപ്പാൽ ബീച്ചിലെ വീട്ടിലായിരുന്നു ഹംസയും ഭാര്യ ഖദീജ, മകൻ മുഹമ്മദ് റാഷിദ് എന്നിവരോടൊപ്പം താമസിച്ചിരുന്നത്.
രണ്ട് പെൺകുട്ടികളുടെ വിവാഹം കഴിപ്പിച്ച വകയിൽ നല്ലൊരു തുക കടമായുണ്ട്. ഇതിനിെടയാണ് ഹംസയുടെ ഇരു വൃക്കകളും തകരാറിലായത്.
ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്യണം. എന്നാൽ മത്സ്യത്തൊഴിലാളിയായ ഹംസയെ കടലമ്മ വീണ്ടും പരീക്ഷിക്കാനിറങ്ങി. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കടലാക്രമണത്തിൽ ഭിത്തിയില്ലാത്ത പരപ്പാൽ തീരത്തെ തകർന്ന ടിപ്പുസുൽത്താൻ റോഡും കടന്ന് തിരമാല ഇദ്ദേഹത്തിെൻറ വീട്ടിലും എത്തി.
നാട്ടുകാരുടെയും ജനപ്രതിനിധികളുടേയും നിർദേശ പ്രകാരം താമസം തൊട്ടടുത്തു തന്നെയുള്ള അംഗൻവാടിയിലേക്ക് മാറ്റി. എത്രയും വേഗം സ്വന്തം വീട്ടിൽ തിരിച്ചെത്തിയാൽ മതി എന്ന പ്രാർഥനയിലാണ് ഹംസയും കുടുംബവും.