
മുക്കുപണ്ടം പണയംവെച്ച് രണ്ട് സഹകരണ ബാങ്കുകളിൽനിന്നായി 47 ലക്ഷം രൂപ തട്ടിയെടുത്തു
text_fieldsവള്ളിക്കുന്ന്: വള്ളിക്കുന്ന് സഹകരണ ബാങ്കിന് പുറമെ അരിയല്ലൂർ സഹകരണ ബാങ്കിലും മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്. അരിയല്ലൂർ സർവിസ് സഹകരണ ബാങ്കിൽ നിന്ന് 23 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.
വള്ളിക്കുന്ന് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ അതേ സ്ത്രീയാണ് അരിയല്ലൂർ ബാങ്കിലും തട്ടിപ്പ് നടത്തിയത്. ആനങ്ങാടി സ്വദേശിനിയായ ഇവർ 2018 മുതൽ അരിയല്ലൂർ സഹകരണ ബാങ്കിന്റെ ആനങ്ങാടി ശാഖയിൽ സ്വർണം പണയംവെച്ച് വായ്പ എടുക്കുന്നുണ്ട്.
വള്ളിക്കുന്ന് സഹകരണ ബാങ്കിലെ ആനങ്ങാടി ശാഖയിൽനിന്നാണ് മുക്കുപണ്ടം വെച്ച് 24 ലക്ഷം രൂപ തട്ടിയെടുത്തത്. പണയം വെച്ച സ്വർണം ബാങ്ക് അധികൃതർ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസ്സിലായത്. പിന്നീട് പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകി. അരിയല്ലൂർ സഹകരണ ബാങ്ക് അധികൃതരും പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകി.
