കേന്ദ്ര വിഹിതം കിട്ടിയാൽ ലൈഫിൽ വീട് നൽകും -മന്ത്രി
text_fieldsവള്ളിക്കുന്നിൽ ലൈഫ് ഭവന പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
വള്ളിക്കുന്ന്: സംസ്ഥാനത്തിന് നൽകേണ്ട വിഹിതം കേന്ദ്രം യഥാസമയം നൽകിയാൽ രണ്ടര വർഷം കൊണ്ട് ആറുലക്ഷം ഗുണഭോക്താക്കൾക്കും ലൈഫിൽ വീട് നൽകുമെന്ന് മന്ത്രി എം.ബി. രാജേഷ്.
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ വീട് പൂർത്തീകരിച്ച 117 കുടുംബങ്ങൾക്ക് താക്കോൽ കൈമാറി സംസാരിക്കുയായിരുന്നു മന്ത്രി. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ ലൈഫ് 20-20 ലിസ്റ്റിൽ ഇതുവരെ കരാർ വെച്ച് നിർമാണ പ്രവൃത്തി നടത്തുന്നത് 300 ഗുണഭോക്താക്കളാണ്.
ഇതിൽ 117 കുടുംബങ്ങളാണ് നാല് ലക്ഷം രൂപ വീതം വിവിധ ഘട്ടങ്ങളിലായി വാങ്ങി ഭവന നിർമാണം പൂർത്തീകരിച്ചത്.
ജനറൽ വിഭാഗത്തിൽ 186 ഗുണഭോക്താക്കളും മത്സ്യത്തൊഴിലാളി മേഖലയിൽ 86 പേരും പട്ടികജാതി വിഭാഗത്തിൽ 28 പേരുമാണ് കരാർ വെച്ച് പണി തുടങ്ങിയത്. ഇതിൽ നാല് ലക്ഷം രൂപ വാങ്ങി പൂർത്തീകരിച്ച 177 കുടുംബങ്ങളുടെ താക്കോൽദാനമാണ് മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചത്.
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ എ.കെ. രാധ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ.പി. സിന്ധു തുടങ്ങിയവർ സംസാരിച്ചു.

