വളാഞ്ചേരി: കാറിൽ വിദേശമദ്യ വിൽപന നടത്തുന്നതിനിടെ യുവാവ് വളാഞ്ചേരി പൊലീസിെൻറ പിടിയിൽ. പാലക്കാട് ചിറ്റൂർ സ്വദേശിയായ കിട്ടൂ നിവാസിൽ നന്ദകുമാറിനെ (23) വളാഞ്ചേരി എസ്.ഐ എം.കെ. മുരളീകൃഷ്ണനും സംഘവും പിടികൂടിയത്. ആതവനാട് കരിപ്പോൾ ഹൈസ്കൂളിന് സമീപം 31 ബോട്ടിലുകളിലായി പതിനഞ്ചര ലിറ്റർ വിദേശമദ്യം ഇയാളിൽനിന്ന് പിടിച്ചെടുത്തു. ആതവനാടും പരിസരങ്ങളിലുമായി കാറിൽ വിതരണം ചെയ്യാനെത്തിച്ചതായിരുന്നു വിദേശ മദ്യം.
മദ്യ വിതരണത്തിന് ഉപയോഗിച്ച കാർ സഹിതമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വിഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഓഫിസർ നസീർ തിരൂർക്കാട്, സീനിയർ സിവിൽ പൊലീസ് ഓഫിസർ മനോജ്, രമേശ്, അബ്ദുറഹ്മാൻ, ദീപക്, അനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.