വളാഞ്ചേരി: റസ്റ്റാറൻറിൽനിന്ന് 10 ലക്ഷം രൂപ കവർന്ന കേസിൽ രണ്ട് യുവാക്കളെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയപാതയോരത്ത് കുറ്റിപ്പുറം റോഡിൽ പ്രവർത്തിക്കുന്ന നെഹദി കുഴിമന്തി ഹോട്ടലിലെ മുൻ ജീവനക്കാരൻ മഞ്ചേരി കടമ്പോട് ഓളിക്കൽ ഷറഫുദ്ദീൻ (22), ബന്ധുവും സഹായിയുമായ ഓളിക്കൽ മുഹമ്മദ് ഷമീൻ (24) എന്നിവരെയാണ് പിടികൂടിയത്.
മൂന്നര വർഷമായി റസ്റ്റാറൻറിലെ അടുക്കള മാനേജറായിരുന്നു ഒന്നാം പ്രതിയായ ഷറഫുദ്ദീൻ. ഇയാളെ പെരുമാറ്റദൂഷ്യത്തിന് സംഭവത്തിന് 10 ദിവസം മുമ്പ് സ്ഥാപനത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. സ്ഥാപനത്തിെൻറ താക്കോലും മറ്റും സൂക്ഷിക്കാറുള്ള സ്ഥലം അറിയാവുന്ന പ്രതി വെള്ളിയാഴ്ച പുലർച്ച രണ്ടോടെ അകത്ത് കയറി കാഷ് കൗണ്ടറിെൻറ പൂട്ട് പൊളിച്ച് മേശയിലുണ്ടായിരുന്ന പത്ത് ലക്ഷത്തോളം രൂപ മോഷ്ടിക്കുകയായിരുന്നു.
പണവുമായി രണ്ടാം പ്രതിയുടെ സഹായത്തോടെ ഊട്ടിയിലേക്ക് കടന്നു. കളവ് നടത്തുന്നതിന് മുമ്പ് ഹോട്ടലിലെ സി.സി.ടി.വി കാമറകളുടെ ബന്ധം വിച്ഛേദിക്കാൻ ശ്രമിച്ചെങ്കിലും പൂർണമായി വിജയിക്കാനാവാത്തത് പ്രതിക്ക് വിനയാവുകയായിരുന്നു.
കാമറയിൽ പതിഞ്ഞ പ്രതിയുടെ ശരീരചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചതിൽ അകത്തുകടന്നത് മുൻ ജീവനക്കാരനാണെന്ന് മനസ്സിലായി. പൊലീസ് ഊട്ടിയിലെത്തി ലോഡ്ജുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ വലയിലാവുകയായിരുന്നു.
മോഷ്ടിച്ച പണം ഇവരിൽനിന്ന് കണ്ടെടുത്തു. പരാതി ലഭിച്ചയുടൻ പൊലീസിെൻറ ആസൂത്രിത നീക്കം മൂലമാണ് മോഷണമുതൽ ഒട്ടും നഷ്ടപ്പെടാതെ പിടിച്ചെടുക്കാൻ കഴിഞ്ഞത്. മോഷണത്തിന് ശേഷം രക്ഷപ്പെട്ട ബൈക്കും കസ്റ്റഡിയിലെടുത്തു.
ചെക്ക്പോസ്റ്റിൽ പൊലീസിനെ വെട്ടിച്ചാണ് പ്രതികൾ ഊട്ടിയിലേക്ക് കടന്നത്. രണ്ടാം പ്രതി ഷമീൻ അന്തർ സംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവ് വാങ്ങി നാട്ടിലെത്തിക്കുന്ന സംഘത്തിലെ കണ്ണിയാണെന്നും ഇതുവരെ പിടിക്കപ്പെടാത്തയാളാണെന്നും പാണ്ടിക്കാട് സ്റ്റേഷനിൽ അടിപിടിക്ക് ഇയാൾക്കെതിരെ ക്രിമിനൽ കേസ് നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.
മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത് ദാസിെൻറയും തിരൂർ ഡിവൈ.എസ്.പി കെ.എ. സുരേഷ് ബാബുവിെൻറയും മേൽനോട്ടത്തിൽ വളാഞ്ചേരി സ്റ്റേഷൻ ഹൗസ് ഒാഫിസർ പി.എം. ഷമീറിെൻറ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ കെ.പി. ആനന്ദ്, അഡീഷനൽ എസ്.ഐ മുഹമ്മദ് റാഫി, എ.എസ്.ഐ രാജൻ, സി.പി.ഒമാരായ കൃഷ്ണപ്രസാദ്, രാധാകൃഷ്ണൻ, എസ്.സി.പി.ഒ ശ്രീജ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.