വളാഞ്ചേരി: ഭക്ഷണം കിട്ടാതെ വിശന്നുവലഞ്ഞ ലോറിയിലെ ജീവനക്കാർക്ക് തങ്ങൾക്ക് കഴിക്കാനായി കരുതിവെച്ച ഉച്ചഭക്ഷണം നൽകി പൊലീസ് മാതൃകയായി. തിരൂരിൽനിന്ന് പാലക്കാേട്ടക്ക് കൊയ്ത്തുയന്ത്രവുമായി പോവുകയായിരുന്ന ലോറിയിലെ ഡ്രൈവർ ഉൾപ്പെടെയുള്ള മൂന്ന് ജീവനക്കാർക്കാണ് പൊലീസ് ഭക്ഷണം നൽകിയത്.
ലോക്ഡൗണിെൻറ ഭാഗമായി വളാഞ്ചേരി പൊലീസ് നേതൃത്വത്തിൽ ജില്ല അതിർത്തിയായ കൊടുമുടിയിൽ നടത്തുന്ന ചെക്ക്പോസ്റ്റിലെ പരിശോധനക്കിടയിലാണ് എവിടെയെങ്കിലും പ്രദേശത്ത് ഭക്ഷണം ലഭിക്കാൻ ഹോട്ടലുണ്ടോയെന്ന് ലോറിയിലെ തൊഴിലാളികൾ ദയനീയമായി പൊലീസിനോട് അന്വേഷിച്ചത്.
വളാഞ്ചേരി ഇൻസ്പെക്ടർ പി.എം. ഷമീറിെൻറ നേതൃത്വത്തിൽ ആരംഭിച്ച ചെക്ക്പോസ്റ്റിൽ തിങ്കളാഴ്ച എസ്.ഐ കെ.ടി. ബെന്നി, സി.പി.ഒ ശ്യാം കുമാർ, ട്രോമോകെയർ, പൊലീസ് വളൻറിയർമാർ ഉൾപ്പെടെ ആറുപേരാണ് വാഹന പരിശോധനക്ക് ഉണ്ടായിരുന്നത്. ബാല സംരക്ഷണ വളൻറിയറായ വിജയൻ കൊടുമുടി തെൻറ വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് പരിശോധന നടത്തുന്ന പൊലീസുകാർക്കും വളൻറിയർമാർക്കും നൽകുന്നത്.
കോവിഡ് തീവ്രതയുടെ ഭാഗമായി ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിയ ലോക്ഡൗൺ കാരണം ഭക്ഷണം ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ ഇവർക്ക് ലഭിച്ച ഭക്ഷണം വിശന്നുവലഞ്ഞ മൂവർക്കുമായി എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസുകാർ വിളമ്പിക്കൊടുത്തു.