വളാഞ്ചേരി: ദേശീയപാത വികസനത്തിന് ഖബറിടം വിട്ടുനൽകി മഹല്ല് കമ്മിറ്റി മാതൃകയായി. വെട്ടിച്ചിറ ജുമാമസ്ജിദിന്റെ 50 സെൻറ് ഭൂമിയാണ് റോഡ് വികസനത്തിനായി വിട്ടുകൊടുത്തത്. ദേശീയപാത 66 ആറുവരിയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പള്ളിയുടെ ഖബർസ്ഥാൻ ഉൾപ്പെടുന്ന സ്ഥലം മഹല്ല് കമ്മിറ്റി വിട്ടുനൽകിയത്.
രണ്ടു നൂറ്റാണ്ടിലേറെ പഴക്കമാണ് വെട്ടിച്ചിറ ജുമാമസ്ദിന് കണക്കാക്കുന്നത്. നിലവിലെ ദേശീയപാതക്ക് ഇരുവശത്തുമായി വെട്ടിച്ചിറയിൽ വിശാലമായ ഖബറിടമാണ് മസ്ജിദിനുള്ളത്. അതിൽ 700 ഖബറിടങ്ങളാണ് ഭൂമി വിട്ടുനൽകുമ്പോൾ മാറ്റിസ്ഥാപിക്കേണ്ടിവരുക. 250ലധികം ഖബറുകൾ ബന്ധുക്കളുടെയും മറ്റും ഖബറിടങ്ങളിലേക്കു ഇതിനകം മാറ്റി. അരീക്കാടൻ ബാവ ഹാജി പ്രസിഡൻറും കെ.കെ.എസ്. തങ്ങൾ സെക്രട്ടറിയുമായ കമ്മിറ്റി എതിർപ്പൊന്നുമില്ലാതെ നാടിന്റെ വികസനത്തിന് ഒപ്പംനിൽക്കുകയായിരുന്നു.
മഹല്ലിലെ 1100 കുടുംബങ്ങളുടെ യോഗം വിളിച്ച് കമ്മിറ്റി ഭാരവാഹികൾ കാര്യങ്ങൾ വിശദീകരിച്ചു. കുടുംബങ്ങൾ കമ്മിറ്റി തീരുമാനത്തെ പിന്തുണക്കുകയും ചെയ്തു. ബന്ധുക്കളില്ലാത്തവര്ക്ക് വേറെ ഖബറിടമുണ്ടാക്കി അതിലേക്കു മാറ്റുകയാണു ചെയ്യുക. ഭൂമിക്ക് 2.46 കോടി രൂപ നഷ്ടപരിഹാരമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. വഖഫ് ബോര്‍ഡിന്റെ അക്കൗണ്ടിലാണ് തുക എത്തുക. പള്ളിയുടെ ആവശ്യങ്ങള്‍ക്കായി തുക ലഭിക്കുകയും ചെയ്യും.
വഴിയൊരുക്കി മസ്ജിദുൽ ഫാറൂഖ്
വളാഞ്ചേരി മുക്കിലപ്പീടികയിൽ പൊളിച്ചു മാറ്റുന്ന മസ്ജിദുൽ ഫാറൂഖ്
വളാഞ്ചേരി: യാത്രക്കാർക്ക് ഉൾപ്പെടെ ഒട്ടനവധി വിശ്വാസികൾക്ക് ആശ്വാസമായ മസ്ജിദുൽ ഫാറൂഖ് ദേശീയപാത വികസനത്തിന് വഴിയൊരുക്കും.
കോഴിക്കോട്- തൃശൂർ ദേശീയപാതയോരത്ത് വളാഞ്ചേരി മുക്കിലപ്പീടികയിൽ സ്ഥിതി ചെയ്യുന്ന ഈ പള്ളി ദേശീയപാത ആറ് വരിയാക്കുന്നതിെൻറ ഭാഗമായി പൊളിച്ചുമാറ്റും. ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന ദൂര യാത്രക്കാർക്കുള്ള ഒരു അത്താണിയായിരുന്നു ഈ മസ്ജിദ്. വളാഞ്ചേരിയിലെ ഗതാഗതക്കുരുക്ക് കാരണം ടൗണിൽ വാഹനങ്ങൾ നിർത്തിയിട്ട് ടൗണിലെ പള്ളികളിൽ നമസ്കരിക്കാൻ എത്താൻ സാധിക്കാതിരുന്ന ദീർഘദൂര യാത്രക്കാർ ടൗണിൽനിന്ന് ഏറെ അകലെയല്ലാതെ ദേശീയപാതയോരത്ത് സ്ഥിതി ചെയ്യന്ന ഈ മസ്ജിദുൽ ഫാറൂഖിലാണ് പ്രാർഥിക്കാൻ പലപ്പോഴും എത്തിയിരുന്നത്. മസ്ജിദുൽ ഫാറൂഖ് 1991ൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളാണ് വിശ്വാസികൾക്ക് തുറന്നുകൊടുത്തത്.
പ്രഭാത നമസ്കാരത്തിനടക്കം നിരവധി പേർ പ്രാർഥനക്ക് ഇവിടെ എത്താറുണ്ട്. മസ്ജിദുൽ ഫാറൂഖ് വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തതിനാൽ നഷ്ടപരിഹാരത്തുക ആദ്യം വഖഫ് ബോർഡിലേക്കും പിന്നീട് പള്ളിക്കമ്മിറ്റിക്കുമാണ് ലഭിക്കുക. ദേശീയപാത വികസനത്തിനായി പള്ളിയും അനുബന്ധ സ്ഥലവും മുഴുവനായി ഏറ്റെടുത്തിട്ടുണ്ട്. ദേശീയപാത വികസനത്തിനായി ഒരു ആരാധാനാലായം മുഴുവനായും തന്നെ പൊളിച്ചു നീക്കുന്നത് വളാഞ്ചേരി മേഖലയിലാണ്.
പള്ളിയോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ രണ്ട് കടകളും പ്രവർത്തിച്ചിരുന്നു. പുതിയ പള്ളി നിർമിക്കാൻ കമ്മിറ്റി പുതിയ സ്ഥലം അന്വേഷിക്കുകയാണ്.