വളാഞ്ചേരി ടൗണിൽ ഗതാഗതക്കുരുക്ക് കുറക്കാൻ സ്ഥാപിച്ച ഡിവൈഡർ അപകടക്കെണി
text_fieldsവളാഞ്ചേരി: ഗതാഗതക്കുരുക്ക് കുറക്കാൻ വളാഞ്ചേരി ടൗണിൽ സ്ഥാപിച്ച ഡിവൈഡറുകൾ അപകടക്കെണിയാവുന്നു. സംസ്ഥാന പാതകളായ പട്ടാമ്പി, പെരിന്തൽമണ്ണ റോഡുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് ഡിവൈഡറാണ് അപകട സാധ്യത ഉണ്ടാക്കുന്നത്.
പ്രദേശത്ത് ആവശ്യത്തിന് വെളിച്ചമില്ലാത്തതും ഡിവൈഡറുകൾ സ്ഥാപിച്ചിട്ടുണ്ട് എന്ന് അറിയിപ്പ് നൽകുന്ന അടയാളങ്ങൾ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്ന രീതിയിൽ ഇല്ലാത്തതും അപകട സാധ്യത വർധിപ്പിക്കുന്നു. ദൂര സ്ഥലങ്ങളിൽനിന്ന് വരുന്ന, ഡിവൈഡറുകൾ സ്ഥാപിച്ചിട്ടുണ്ട് എന്ന് അറിവില്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങളാണ് പ്രധാനമായും അപകടത്തിൽപ്പെടുന്നത്.
വേഗതയിൽ വരുന്ന വാഹനങ്ങൾ അടുത്ത് എത്തുമ്പോഴാണ് ഡിവൈഡറുകൾ ശ്രദ്ധയിൽപ്പെടുക. കഴിഞ്ഞ ദിവസം രാത്രിയിൽ സ്കോർപ്പിയോയും വെള്ളിയാഴ്ച രാത്രി കാറും ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽപ്പെട്ടിരുന്നു. യാത്രക്കാർക്ക് കാര്യമായ പരിക്ക് പറ്റാറില്ലെങ്കിലും വാഹനങ്ങൾക്ക് വലിയ കേടുപാടുകൾ സംഭവിക്കുന്നുണ്ട്. വാഹനം ഇടിച്ച് സ്ഥാനം തെറ്റുന്ന ഡിവൈഡറുകൾ വീണ്ടും അതേ സ്ഥാനത്ത് സ്ഥാപിക്കുവാൻ പലപ്പോഴും മുന്നിട്ടിറങ്ങുന്നത് സന്നദ്ധ പ്രവർത്തകരാണ്. തൃശൂർ റോഡിൽ ഇത്തരത്തിൽ ഡിവൈഡറുകൾ സ്ഥാപിച്ചിരുന്നുവെങ്കിലും റോഡിന്റെ വീതിക്കുറവും നിരന്തര അപകടങ്ങളെ തുടർന്നുണ്ടായ പ്രതിഷേധവും കാരണം എടുത്തു മാറ്റിയിരുന്നു.
പട്ടാമ്പി, പെരിന്തൽമണ്ണ റോഡുകളിൽ ഡിവൈഡറുകൾ സ്ഥാപിച്ചിട്ടുണ്ട് എന്ന മുന്നറിയിപ്പ് നൽകുന്നതിനുള്ള അടയാളങ്ങൾ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്ന രീതിയിൽ സ്ഥാപിക്കണമെന്നും ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കാൻ അടിയന്തര നടപടികൾ ഉണ്ടാവണമെന്നും ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.