വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഹയർ സെക്കൻഡറി തുല്യത പരീക്ഷ എഴുതിയവരിൽ ദമ്പതികളും. കഞ്ഞിപ്പുര സ്വദേശി കുന്നത്ത് പറമ്പിൽ നൗഷാദ് (42), ഷബ്ന (34) എന്നിവാണ് പരീക്ഷ എഴുതിയത്.
എട്ടാം ക്ലാസിൽ പഠനം നിർത്തിയ നൗഷാദിന് 13ാമത്തെ വയസ്സു മുതൽ കുടുംബഭാരം ഏറ്റെടുക്കേണ്ടി വന്നതിനെ തുടർന്നാണ് പാതിവഴിയിൽ പഠനം മുടങ്ങിയത്. അഞ്ചു രൂപക്ക് പച്ചക്കറിക്കടയിൽ ആയിരുന്നു ആദ്യ ജോലി. പിന്നീട് പല ജോലികളും ചെയ്തെങ്കിലും ഇപ്പോൾ കോൺട്രാക്ടറാണ്.
പത്താം തരം തുല്യത പഠനത്തിനു ശേഷം ഹയർ സെക്കൻഡറി തുല്യത കോഴ്സിൽ ചേരുകയായിരുന്നു. തുല്യത പഠനത്തോടപ്പം സിവിൽ എൻജിനീയറിങ് ഡിപ്ലോമ കോഴ്സ് കൂടി പഠിക്കുന്നുണ്ട് നൗഷാദ്.
പ്ലസ് വണ്‍,പ്ലസ് ടു തുല്യത: 4766 പേര് പരീക്ഷ എഴുതി
മലപ്പുറം: സംസ്ഥാന സാക്ഷരത മിഷെൻറ ഒന്നാംവര്‍ഷ, രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സുകളുടെ പൊതുപരീക്ഷ പൂര്‍ത്തിയായി. ജില്ലയില്‍ ഒന്നാംവര്‍ഷ തുല്യത കോഴ്സിന് 2,303 പേരും രണ്ടാം വര്‍ഷത്തിന് 2,463 പേരും ഉള്‍പ്പെടെ ആകെ 4,766 പേരാണ് പരീക്ഷ എഴുതിയത്. ഒന്നാംവര്‍ഷ തുല്യത പഠിതാക്കളില്‍ 915 പുരുഷന്മാരും, 1,388 സ്ത്രീകളും 297 പട്ടികജാതിക്കാരും മൂന്ന് പട്ടികവര്‍ഗക്കാരും ഉള്‍പ്പെടും.
രണ്ടാംവര്‍ഷ തുല്യത പഠിതാക്കളില്‍ 911 പുരുഷന്മാര്, 1552 സ്ത്രീകള്‍, 392 പട്ടികജാതിക്കാര്‍, ഏഴ് പട്ടികവര്‍ഗക്കാര്‍ എന്നിങ്ങനെയാണ് പരീക്ഷ എഴുതിയത്. 29 കേന്ദ്രങ്ങളിലാണ് ജില്ലയില്‍ പരീക്ഷ നടന്നത്.