വളാഞ്ചേരി: ബസ് കാത്തു നിൽക്കുന്ന ദീർഘദൂര യാത്രക്കാർക്ക് ആശ്വാസമായി ദേശീയപാതയിൽ ബസ് കാത്തിരിപ്പു കേന്ദ്രം സ്ഥാപിച്ചു. കോഴിക്കോട് റോഡിൽ എസ്.ബി.ഐക്ക് സമീപം ഇരുഭാഗങ്ങളിലുമായാണ് ബസ് കാത്തിരിപ്പു കേന്ദ്രം സ്ഥാപിച്ചത്. മാജിക് ക്രിയേഷെൻറ സഹകരണത്തോടെയാണ് വളാഞ്ചേരി നഗരസഭ ബസ് കാത്തിരിപ്പു കേന്ദ്രം നിർമിച്ചത്. നേരത്തേ ദീർഘദൂര ബസുകൾ ബസ്സ്റ്റാൻഡിൽ കയറിയതിന് ശേഷമായിരുന്നു വളാഞ്ചേരിയിൽ നിന്നുള്ള യാത്രക്കാരെ കയറ്റിയിരുന്നത്.
സ്റ്റാൻഡിൽ എത്തുന്ന ബസുകളുടെ എണ്ണം കൂടിയതും സ്റ്റാൻഡിലെ അസൗകര്യവും കാരണം തൃശൂർ, കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള ദീർഘദൂര ബസുകൾ കുറച്ചു കാലമായി സ്റ്റാൻഡിൽ പ്രവേശിക്കാതെ എസ്.ബി.ഐക്ക് സമീപം ദേശീയ പാതയോരത്തു നിന്നാണ് യാത്രക്കാരെ കയറ്റുന്നത്. യാത്രക്കാർ മഴയും വെയിലും കൊണ്ടായിരുന്നു ഇവിടെ നിന്ന് ബസിൽ കയറിയത്. ഇവിടെ ബസ് കാത്തിരിപ്പു കേന്ദ്രം ആവശ്യമാണെന്ന് 'മാധ്യമം' നേരത്തേ വാർത്ത നൽകിയിരുന്നു.
ബസ് കാത്തിരിപ്പു കേന്ദ്രത്തിെൻറ ഉദ്ഘാടനം പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ്, സ്ഥിരസമിതി അധ്യക്ഷരായ റൂബി ഖാലിദ്, ദിപ്തി ശൈലേഷ്, സി.എം. റിയാസ്, മുജീബ് വാലാസി, മാരാത്ത് ഇബ്രാഹിം, കൗൺസിലർമാരായ സിദ്ദീഖ് ഹാജി, കെ.വി. ഉണ്ണികൃഷ്ണൻ, തസ്ലീമ നദിർ, എൻ. നൂർജഹാൻ, കെ.വി. ശൈലജ, വിവിധ സംഘടന പ്രതിനിധികളായ ടി.കെ. ആബിദലി, പറശ്ശേരി അസൈനാർ, പൈങ്കൽ ഹംസ, വി.പി.എം. സാലിഹ്, വെസ്റ്റേൺ പ്രഭാകരൻ, ടി.എം. പത്മകുമാർ, മുഹമ്മദലി നീറ്റുക്കാട്ടിൽ, തൗഫീഖ് പാറമ്മൽ, മൂർക്കത്ത് മുസ്തഫ, പി.പി. ഷാഫി എന്നിവർ സംബന്ധിച്ചു.