നിയന്ത്രണംവിട്ട കാർ ട്രാൻസ്ഫോർമറിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്ക്
text_fieldsവളാഞ്ചേരി: കാർ നിയന്ത്രണം വിട്ട് ട്രാൻസ്ഫോർമറിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്. തിരുവേഗപ്പുറ കുന്നുംപുറത്ത് വീട്ടിൽ ഖാലിദ് (39), ഭാര്യ അനീഷ (34) എന്നിവർക്കാണ് പരിക്ക്.
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് പട്ടാമ്പി റോഡിൽ സ്വകാര്യ ആശുപത്രിക്ക് സമീപം നിയന്ത്രണംവിട്ട കാർ ട്രാൻസ്ഫോർമറിലിടിച്ചത്. പുത്തനത്താണി ഭാഗത്ത് നിന്നും തിരുവേഗപ്പുറയിലേക്ക് പോകുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ട്രാൻസ്ഫോർമറിനുള്ളിലേക്ക് ഇടിച്ചു കയറിയ കാർ നടപ്പാതയിൽ ഇടിച്ചാണ് നിന്നത്.
ട്രാൻസ്ഫോർമർ കേടായതിനെത്തുടർന്ന് വളാഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി നിലച്ചിരുന്നു. പിന്നീട് കെ.എസ്.ഇ.ബി അധികൃതരെത്തിയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.
കഴിഞ്ഞദിവസം വിദേശത്ത് നിന്നും മടങ്ങിയെത്തിയ യുവാവ് ഭാര്യവീട്ടിൽ നിന്നും മടങ്ങും വഴിയാണ് കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ടത്. വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.

