വളാഞ്ചേരി: കെ.എസ്.ആർ.ടി.സി ബസിൽ കുഴഞ്ഞ് വീണ 50കാരൻ യാത്രക്കാരെ ആശങ്കയിലാക്കി. തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരനാണ് വളാഞ്ചേരിയിൽ ബസിൽ കുഴഞ്ഞ് വീണത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. പരിഭ്രാന്തരായ ബസ് ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചു.
തുടർന്ന് സീനിയർ സി.പി.ഒ കെ.പി. രമേശ്, സി.പി.ഒമാരായ ജോബിൻ പോൾ, അനീഷ് ജോൺ എന്നിവർ സ്ഥലത്ത് എത്തി. യാത്രക്കാരെ വളാഞ്ചേരിയിൽ ഇറക്കിയതിന് ശേഷം കുഴഞ്ഞ് വീണ വ്യക്തിയെയും കൊണ്ട് അതേ ബസിൽ തൊട്ടടുത്ത ആശുപത്രിയിലേക്ക് കുതിച്ചു.
കോവിഡ് ഭീതി കാരണം ഇദ്ദേഹത്തെ ബസിൽ നിന്ന് ആശുപത്രിയിൽ എത്തിക്കാൻ കണ്ടുനിന്നവർ മടിച്ചതിനെ തുടർന്ന് നിസാർ ആശുപത്രി ജീവനക്കാരെത്തിയാണ് ബസിൽ നിന്ന് പുറത്തെത്തിച്ചത്. വിശദമായ പരിശോധനയിൽ മദ്യപിച്ചതിനെ തുടർന്നാണ് 50 വയസ്സുകാരൻ ബസിൽ കുഴഞ്ഞ് വീണതെന്ന് മനസ്സിലായി.