കടലാസിൽ വിശ്രമിച്ചാൽ മതിയോ വളാഞ്ചേരി ഫയർ സ്റ്റേഷൻ?
text_fieldsവളാഞ്ചേരി ഫയർ സ്റ്റേഷൻ നിർമിക്കാൻ വട്ടപ്പാറ സി.ഐ ഓഫിസിന് സമീപം കണ്ടെത്തിയ സ്ഥലം
വളാഞ്ചേരി: കെട്ടിടം നിർമിക്കാൻ ഭൂമി കണ്ടെത്തിയിട്ടും വളാഞ്ചേരി ഫയർ സ്റ്റേഷൻ ഇപ്പോഴും കടലാസിൽ ഒതുങ്ങുന്നു. വട്ടപ്പാറക്കു മുകളിൽ പഴയ സി.ഐ ഓഫിസിന് സമീപം വർഷങ്ങൾക്ക് മുമ്പ് തന്നെ ഫയർ സ്റ്റേഷൻ കെട്ടിടം നിർമിക്കാൻ ഭൂമി കണ്ടെത്തിയിരുന്നു. കാട്ടിപ്പരുത്തി വില്ലേജിൽ ഉൾപ്പെടുന്ന ഈ 42 സെൻറ് റവന്യൂ പുറമ്പോക്ക് ഭൂമി വളാഞ്ചേരി ഫയർ സ്റ്റേഷൻ നിർമാണത്തിനായി സംസ്ഥാന സർക്കാർ അഗ്നി രക്ഷാ വകുപ്പിന് കൈമാറുകയും ചെയ്തിരുന്നു.
നിർദിഷ്ട സ്ഥലത്തുണ്ടായിരുന്ന പൊലീസ് അധീനതയിലുള്ള തൊണ്ടി വാഹനങ്ങൾ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ഇവിടെ നിന്ന് മാറ്റിയിട്ട് വർഷങ്ങളായി. സംസ്ഥാന ബജറ്റിലും ഫയർ സ്റ്റേഷൻ ഇടം പിടിച്ചിരുന്നു. വളാഞ്ചേരി മേഖലകളിൽ പാചക വാതക ടാങ്കറുകൾ ഉൾപ്പെടെ അപകടത്തിൽപ്പെടുമ്പോഴും തീ പിടിത്തമുണ്ടാകുന്ന സന്ദർഭങ്ങളിലും തിരൂരിൽ നിന്നാണ് അഗ്നി രക്ഷ സേന എത്തിച്ചേരുക.
വലിയ അപകടങ്ങൾ സംഭവിക്കുമ്പോൾ മലപ്പുറം, പൊന്നാനി, പെരിന്തൽമണ്ണ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് അഗ്നി രക്ഷാസേന എത്താറുണ്ട്. പക്ഷേ, ദൂര സ്ഥലങ്ങളിൽ നിന്ന് അഗ്നി രക്ഷാ സേന സ്ഥലത്ത് എത്തുമ്പോഴേക്കും അപകടത്തിന്റെ തീവ്രത കൂടുകയും ചെയ്യും. വളാഞ്ചേരി ഫയർ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചാൽ ദേശീയ പാതയിലും വളാഞ്ചേരി മേഖലയിലെ വിവിധ സ്ഥലങ്ങളിലുമുണ്ടാകുന്ന അപകട സ്ഥലത്തേക്ക് അഗ്നിരക്ഷാസേനയുടെ സേവനം വേഗത്തിൽ ലഭ്യമാക്കാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

