പൊന്മുണ്ടത്ത് ഭരണം തുടരാൻ ലീഗും പിടിച്ചെടുക്കാൻ ജനകീയ മുന്നണിയും
text_fieldsവൈലത്തൂർ: ലീഗ്-കോൺഗ്രസ് പോരിന് പേരുകേട്ട പൊന്മുണ്ടത്ത് ഇത്തവണ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാൻ ജനകീയ മുന്നണിയും നിലനിലനിർത്താൻ മുസ്ലിം ലീഗും അരയും തലയും മുറുക്കി രംഗത്ത്. 15 വർഷമായി തുടർച്ചയായി ലീഗാണ് പഞ്ചായത്ത് ഭരിക്കുന്നത്. കോൺഗ്രസ് പ്രതിപക്ഷത്തുമാണ്. ഇക്കുറി ലീഗിൽനിന്ന് ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് ഇടതുപക്ഷത്തോടൊപ്പം ചേർന്ന് ജനകീയ മുന്നണി എന്ന പേരിലാണ് പോരാട്ടത്തിനിറങ്ങുന്നത്.
വാർഡ് 8 ൽ കാളിയേക്കലിൽ കോൺഗ്രസിലെ മുതിർന്ന നേതാവ് ആർ. കോമുക്കുട്ടിയും മുസ്ലിം ലീഗ് യുവജന നേതാവ് ടി. നിയാസും വാശിയേറിയ പോരാട്ടമാണ് നടത്തുന്നത്. കോൺഗ്രസ് ഇടതുപക്ഷ ധാരണയുള്ളതായി ലീഗ് ആരോപിക്കുമ്പോൾ ലീഗ്-വെൽഫെയർ കൂട്ടുകെട്ട് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് പ്രതിരോധിക്കുന്നത്.
17 വാർഡുകളിൽ ലീഗ് സ്ഥാനാർഥികൾ മത്സരിക്കുമ്പോൾ ആറാം വാർഡ് വെൽഫെയർ പാർട്ടി സ്ഥാനാർഥിയെ ലീഗ് പിന്തുണക്കുമെന്നാണ് ധാരണ. പകരം മറ്റു വാർഡുകളിൽ വെൽഫെയർ പാർട്ടി ലീഗിനെ സഹായിക്കും. ജനകീയ വികസന മുന്നണിയിൽ ആകെയുള്ള 18 സീറ്റിൽ കോൺഗ്രസ് 11 സീറ്റിലും അഞ്ച് വാർഡുകളിൽ ഇടതുപക്ഷവും രണ്ടിടത്ത് ടീം പൊന്മുണ്ടത്തിന്റെ സ്ഥാനാർഥികളുമാണ് മത്സരിക്കുന്നത്.
പുതുമുഖങ്ങളെയും പരിചയ സമ്പന്നരെയും കളത്തിലിറക്കി പോരാട്ടം കടുപ്പിക്കാനാണ് മുന്നണികളുടെ തീരുമാനം. ജനവിധി തേടുന്ന പ്രമുഖരിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ അടക്കമുള്ളവർ ഉണ്ട്. ഇതിൽ ഒരാൾ നിലവിലും മറ്റൊരാൾ മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമാണ്. ചില വാർഡുകളിൽ ബി.ജെ.പിക്കും എസ്.ഡി.പി.ഐക്കും സ്ഥാനാർഥികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

