ആൻറിബയോട്ടിക് മരുന്നുകളുടെ ഉപയോഗം; അവബോധ വാരാചരണം ഇന്നു മുതൽ
text_fieldsമലപ്പുറം: ലോക ആൻറിമൈക്രോബിയൽ റസിസ്റ്റൻസ് അവബോധ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10ന് മലപ്പുറം താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നടക്കും. മുൻസിപ്പൽ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്യും. ജില്ല മെഡിക്കൽ ഓഫിസർ ഡോ ആർ. രേണുക അധ്യക്ഷത വഹിക്കും.
ആൻറിബയോട്ടിക് മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ച് പൊതുജനങ്ങളിലും ആരോഗ്യപ്രവർത്തകരിലും ശരിയായ അവബോധവും ധാരണയും വർധിപ്പിക്കുന്നതിനും; ആന്റിബയോട്ടിക്ക് പ്രതിരോധശേഷിയുള്ള രോഗാണുക്കളുടെ ആവിർഭാവവും വ്യാപനവും കുറക്കുന്നതിന് മികച്ച ചികിത്സാരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും ഉള്ള ഒരു ആഗോള കാമ്പയിനാണ് ലോക ആന്റി മൈക്രോബിയൽ അവബോധ വാരാചരണം.
ആൻറിബയോട്ടിക്കുകളുടെ അമിതമായതും കൃത്യതയില്ലാത്തതുമായ ഉപയോഗം മരുന്നുകൾക്കെതിരെ രോഗാണുക്കൾക്ക് പ്രതിരോധ ശക്തി നേടാൻ കഴിയുകയും നിലവിലുള്ള ചികിത്സ ഫലവത്താകാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ ചികിത്സ നടത്തുന്ന ഡോക്ടർമാരും പൊതുജനങ്ങളും മെഡിക്കൽ ഷോപ്പ് ഉടമകളും ഇതുസംബന്ധിച്ച് ബോധവാന്മാരാകണമെന്ന് ഡി.എം.ഒ പറഞ്ഞു.
ഇവ ശ്രദ്ധിക്കുക
- ബാക്ടീരിയ രോഗാണുബാധ ഉണ്ടെങ്കിൽ മാത്രം ആന്റിബയോട്ടിക്ക് ആവശ്യമുള്ളൂ. വൈറൽ രോഗങ്ങൾക്ക് ആവശ്യമില്ല
- ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആൻറിബയോട്ടിക്കുകൾ വാങ്ങുകയോ വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്
- ഡോക്ടർ നിർദേശിച്ച ആൻറിബയോട്ടിക്കുകൾ മാത്രമേ കഴിക്കാൻ പാടുള്ളൂ. നിർദേശിച്ച ചികിത്സ പൂർത്തീകരിക്കണം
- പൂർണമായ ചികിത്സക്ക് ശേഷം മരുന്നുകൾ മിച്ചം വന്നാൽ കുടുംബാംഗങ്ങൾക്കോ മറ്റുള്ളവർക്കോ നൽകുകയോ, പിന്നീട് മറ്റൊരു അസുഖത്തിന്ന് ഉപയോഗിക്കുകയോ ചെയ്യരുത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

